അബുദാബി: സര്‍വകലാശാലാ ബിരുദങ്ങളും മറ്റ് അക്കാദമിക് യോഗ്യതകളും തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി യുഎഇ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന്റെ കരട് ചൊവ്വാഴ്‍ച ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. 30,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.

രാജ്യത്ത് ജോലി നേടുന്നതിനായോ മറ്റെന്തെങ്കിലും അംഗീകാരങ്ങള്‍ക്കായോ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചാണ് 11 അനുച്ഛേദങ്ങളുള്ള പുതിയ നിയമത്തില്‍ പരാമര്‍ശങ്ങളുള്ളത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമത്തില്‍ വിലക്കുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടികളില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളായവര്‍ക്കും ശിക്ഷ ലഭിക്കും. രാജ്യത്തിനകത്തോ പുറത്തോ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ പരസ്യവും പ്രചാരണവും നിയമംമൂലം നിരോധിക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹീം അല്‍ ഹമ്മാദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നിയമം പാസാക്കിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന പ്രവണത അടുത്തിടെയായി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതായും ഇതിന് തടയിടാന്‍ തടയിടാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.