അന്തരിച്ച മുന്‍ ഭരണാധികാരി ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ്, ശൈഖ് സാദ് അല്‍ അബ്‍ദുല്ല, ശൈഖ് സബാഹ് അല്‍ അഹ്‍മദ് എന്നിവരുടെ ഖബറുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോധപൂര്‍വം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശ്‍മശാനങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നവര്‍ക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും പിഴ ചുമത്തും. കുവൈത്ത് മുനിസിപ്പാലിറ്റി ഫ്യൂണറല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

രാഷ്‍ട്രീയക്കാര്‍, അത്‍ലറ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അതൃപ്‍തിക്ക് കാരണമായി മാറുന്നു. മൃതദേഹങ്ങളോടും ശ്‍മശാനങ്ങളോടുള്ള അനാദരവാണ് ഇതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഏത് തരം ക്യാമറകള്‍ ഉപയോഗിച്ചും ശ്‍മശാനങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചുകൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. മൃതദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ടാകണം മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതെന്ന് നിയമം അനുശാസിക്കുന്നുമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 2000 ദിനാര്‍ മുതല്‍ 5000 ദിനാര്‍ വരെ പിഴ ലഭിക്കും.

അന്തരിച്ച മുന്‍ ഭരണാധികാരി ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ്, ശൈഖ് സാദ് അല്‍ അബ്‍ദുല്ല, ശൈഖ് സബാഹ് അല്‍ അഹ്‍മദ് എന്നിവരുടെ ഖബറുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോധപൂര്‍വം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സുലൈബികാത്ത് ഖബര്‍സ്ഥാനില്‍ നടന്ന ഈ അനിഷ്‍ട സംഭവങ്ങളില്‍ കുറ്റക്കാരായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒന്നിലേറെ പേരുടെ വിരലടയാളങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചു.