അഫ്ഗാനിസ്ഥാനിലെ സമാധാനം, സുരക്ഷ, സ്ഥിരത, അനുരജ്ഞനം, വികസനം, അഭിവൃദ്ധി എന്നിവയ്ക്കായി അഫ്ഗാൻ ഗവൺമെൻറുമായും ജനങ്ങളുമായും അയൽരാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ഇനിയും പ്രവർത്തിക്കാൻ സന്നദ്ധമാണെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
റിയാദ്: അമേരിക്കയും അഫ്ഗാൻ താലിബാനും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതിനെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ. ഐ.സി) സ്വാഗതം ചെയ്തു. അഫ്ഗാനിസ്ഥാനിലെ പാർട്ടികൾ തമ്മിലുള്ള ചർച്ചകളുടെയും അഫ്ഗാൻ ഭരണനേതൃത്വത്തിലുള്ള സമാധാന പ്രക്രിയയിലൂടെയുമാണ് ഏറെനാൾ കാത്തിരുന്ന കരാറിന് വഴിയൊരുക്കിയത്.
അഫ്ഗാനിലുടനീളം ആക്രമണം ഇല്ലാതാക്കുന്ന നടപടിയെ ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉതൈമീൻ പ്രകീർത്തിച്ചു. എല്ലാ പാർട്ടികളോടും ഏകോപനം തുടരാനും സ്ഥിരമായ വെടിനിർത്തലിനായി കഠിനപ്രയത്നം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിക്കാൻ പ്രാപ്തരാണെന്ന് അഫ്ഗാൻ നേതാക്കളും അഫ്ഗാൻ ജനതയും ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്. രാജ്യത്തിന്റെ പുനർനിർമാണത്തിലും വികസനത്തിലും ഇനിയുള്ള നാളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശാശ്വത സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലേക്ക് മടങ്ങണമെന്നും അൽഉതൈമീൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാൻ ഒ.ഐ.സി ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2018 ജൂലൈയിൽ മക്കയിൽ നടന്ന ഉച്ചകോടിയിലടക്കം പല തീരുമാനങ്ങളുമെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സമാധാനം, സുരക്ഷ, സ്ഥിരത, അനുരജ്ഞനം, വികസനം, അഭിവൃദ്ധി എന്നിവയ്ക്കായി അഫ്ഗാൻ ഗവൺമെൻറുമായും ജനങ്ങളുമായും അയൽരാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ഇനിയും പ്രവർത്തിക്കാൻ സന്നദ്ധമാണെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതിനെ സൗദി അറേബ്യയും സ്വാഗതം ചെയ്തു. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും അഫ്ഗാൻ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കാനും വികസനത്തിനും വലിയ പങ്കുവഹിക്കുന്നതാണ് പുതിയ സമാധാന കരാറെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
