റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. നിരപരാധികളായ സാധാരണക്കാര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നതെന്നും അവരുടെ ജീവന് തന്നെ ഭീഷണിയാവുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്.

ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഭവങ്ങള്‍ യമനിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇറാന്‍ നല്‍കുന്ന ആയുധനങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് സൗദി അറേബ്യക്ക് അമേരിക്ക എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി രണ്ട് തവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. സ്ഫോടക വസ്തുക്കളുമായി ആദ്യമെത്തിയ ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. എന്നാല്‍ പിന്നീട് അര്‍ദ്ധരാത്രി 12.35ന് രണ്ടാമത്തെ ഡ്രോണ്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരനും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം വിമാന സര്‍വീസുകള്‍ വൈകി. എന്നാല്‍ പിന്നീട് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അബഹ വിമാനത്താവളത്തിന് നേരെ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ ഒരു സിറയന്‍ പൗരന്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണ സൗദിക്ക് നേരെ ഹൂതികളുടെ വ്യോമക്രമണശ്രമങ്ങളുമുണ്ടായി.