ബഹ്റൈന്‍: ചെങ്കടലില്‍ ഇറാന്റെ എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണമുണ്ടായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ആക്രമണത്തിന് പിന്നില്‍ സൗദി അറേബ്യയാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. അതേസമയം ഇറാന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖല വഴി സഞ്ചരിക്കുന്ന അമേരിക്കന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് അകമ്പടി നല്‍കുമെന്ന് അമേരിക്കന്‍ നാവികസേന അറിയിച്ചു.

ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നാവിക സേനയുടെ ഫിഫ്റ്റ് ഫ്ലീറ്റാണ് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്. അമേരിക്കയും ബ്രിട്ടനും ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച് സമുദ്ര ഗതാഗത സുരക്ഷാ സേനയും മേഖലയില്‍ നിരീക്ഷണവും സാന്നിദ്ധ്യവും ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ചരക്കുകപ്പലുകള്‍ക്ക് നേരത്തെ തന്നെ ബ്രിട്ടീഷ് നാവിക സേന അകമ്പടി പോകുന്നുണ്ട്.

ഇന്നലെയാണ് സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. രണ്ട് മിസൈലുകളാണ് ടാങ്കറില്‍ പതിച്ചത്. ടാങ്കറിന്റെ സ്റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും എണ്ണച്ചോര്‍ച്ച കുറയ്ക്കാനായെന്നും എണ്ണക്കമ്പനി അറിയിച്ചു.