വെജിറ്റേറിയനായ 85 വയസ്സുള്ള യാത്രക്കാരന് വിമാനത്തിൽ നൽകിയത് നോൺ-വെജ് ഭക്ഷണം. മാംസം ഒഴിവാക്കി കഴിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. സംഭവത്തില്‍ വിമാന കമ്പനിക്കെതിരെ കേസ്.
ലണ്ടൻ: വിമാനത്തില്‍ വെച്ച് നോൺ-വെജ് ഭക്ഷണം കഴിച്ചതിന് പിന്നാലെ വെജിറ്റേറിയനായ യാത്രക്കാരന്‍ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. 85 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. ദക്ഷിണ കാലിഫോർണിയയിലെ റിട്ടയേർഡ് കാർഡിയോളജിസ്റ്റ് ആയിരുന്ന ഡോ. അശോക ജയവീരയാണ് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ മരിച്ചത്. സംഭവത്തിൽ എയര്‍ലൈനെതിരെ അശോക ജയവീരയുടെ മകൻ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
2023 ജൂൺ 30-ന് ലോസ് ഏഞ്ചൽസിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. വെജിറ്റേറിയൻ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്തിരുന്നെങ്കിലും വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലാത്തതിനാല്‍ ഇദ്ദേഹത്തിന് മാംസം അടങ്ങിയ ഭക്ഷണമാണ് വിമാന ജീവനക്കാര്‍ നല്‍കിയതെന്നാണ് ആരോപണം. നോൺ-വെജ് ഭക്ഷണത്തിലെ മാംസം ഒഴിവാക്കി കഴിക്കാൻ വിമാനജീവനക്കാർ നിർദേശിച്ചതായി ‘ഇൻഡിപെൻഡന്‍റ്’ റിപ്പോർട്ട് ചെയ്തു.
15.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കായി ഡോ. അശോക ജയവീര പ്രത്യേകം വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ, വിമാനത്തിൽ വെച്ച് വെജിറ്റേറിയൻ ഭക്ഷണം ലഭ്യമല്ലെന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് അറിയിക്കുകയായിരുന്നു. പകരം, മാംസം അടങ്ങിയ സാധാരണ ഭക്ഷണം നൽകുകയും, അതില്‍ നിന്ന് മാംസം ഒഴിവാക്കി കഴിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
മാംസം ഒഴിവാക്കി കഴിക്കുന്നതിനിടെ ജയവീരയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ സഹായം നൽകാൻ ശ്രമിക്കുകയും മെഡ്എയറിൽ നിന്നുള്ള വിദൂര മെഡിക്കൽ ഉപദേഷ്ടാക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ ജയവീരയുടെ നില വഷളായി. ഒടുവിൽ വിമാനം സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ ഇറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയവീര 2023 ഓഗസ്റ്റ് 3-ന് മരണപ്പെട്ടു. അബദ്ധത്തിൽ ഭക്ഷണത്തിന്‍റെ കഷ്ണങ്ങളോ ദ്രാവകമോ ശ്വാസകോശത്തിലേക്ക് പോകുന്നതുണ്ടാകുന്ന അസ്പിരേഷൻ ന്യൂമോണിയ (Aspiration Pneumonia) ആയിരുന്നു മരണ കാരണം.
ഭക്ഷണ വിതരണത്തിലെയും ചികിത്സാ നടപടികളിലെയും അശ്രദ്ധ ആരോപിച്ച് ഡോ. ജയവീരയുടെ മകൻ സൂര്യ ജയവീര അടുത്തിടെ ഖത്തർ എയർവേയ്‌സിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മുൻകൂട്ടി ഓർഡർ ചെയ്ത വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിൽ എയർലൈൻ പരാജയപ്പെട്ടെന്നും അടിയന്തര ഘട്ടത്തിൽ കൃത്യമായി പ്രതികരിച്ചില്ലെന്നും മകൻ ആരോപിക്കുന്നു. അശ്രദ്ധയ്ക്കും മരണത്തിനും നഷ്ടപരിഹാരമായി നിയമപരമായ ഏറ്റവും കുറഞ്ഞ തുകയായ 128,821 ഡോളറും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറും അമേരിക്കയും അംഗങ്ങളായ മോൺട്രിയൽ കൺവെൻഷൻ എന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കേസ്. വിമാനത്തിൽ വെച്ചുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കുമുള്ള നഷ്ടപരിഹാരം ഏകദേശം 175,000 ഡോളറായി ഈ ഉടമ്പടി പരിമിതപ്പെടുത്തുന്നു.
അതേസമയം യാത്രക്കാരൻ്റെ മരണത്തിൽ ഖത്തർ എയർവേയ്‌സ് ദുഃഖം രേഖപ്പെടുത്തുകയും, നിലവിലുള്ള അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച എയർലൈൻ, ഭാവിയിൽ സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തര നടപടിക്രമങ്ങൾ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കി.


