ഇന്ത്യ എക്കാലത്തും മതേതര രാഷ്ട്രമായി നിലനില്‍ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ദില്ലി: ഇന്ത്യ എക്കാലത്തും മതേതര രാഷ്ട്രമായി നിലനില്‍ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍' പരിപാടിയില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ദില്ലിയില്‍ മൗലാനാം ആസാദ് റോഡിലെ ഉപരാഷ്ട്രപതിയുടെ വസതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എം വെങ്കയ്യ നായിഡു സ്വീകരിച്ചത്. 'പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍' പരിപാടിയുടെ ഭാഗമായി ഗള്‍ഫിലെ വിവിധ സ്കൂളുകളില്‍ നിന്നുമെത്തിയ കുട്ടികളും മറ്റു സംഘാംഗങ്ങളുമായും ഉപരാഷ്ട്രപതി ഒരുമണിക്കൂറോളം ചെലവഴിച്ചു. മറ്റെല്ലാ മേഖലകളിലും പ്രതിസന്ധി ദൃശ്യമാവുമ്പോള്‍ ഇന്ത്യ വേഗത്തില്‍ വളരുകയാണ്. അതിനാല്‍ പഠന ശേഷം ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രവാസികളുടെ മക്കള്‍ തയ്യാറാകണം. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള രാജ്യത്തെ ഒന്നോ രണ്ടോ സംഭവങ്ങള്‍ സമൂഹത്തിന്‍റെ ആകെ സ്വഭാവമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ഉപരാഷ്ട്രപതി മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിക്ക് വേണ്ടി ഒരിക്കല്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തിയ തനിക്ക് അദ്ദേഹത്തോടൊപ്പം പാര്‍ടി പ്രസിഡന്‍റായി കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യനെകുറിച്ച് വിശദീകരിച്ചു. ഡയറക്ടറും ഗ്രൂപ് സിഎഫ്ഔയുമായ ഫ്രാങ്ക് പിതോമസും പരിപാടിയില്‍ പങ്കെടുത്തു. ചായസല്‍ക്കാരത്തിന് ശേഷം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതി മുഴുവന്‍ കാണാന്‍ അവസരം ഒരുക്കിയ ശേഷമാണ് എം വെങ്കയ്യ നായിഡു കുട്ടികളെ യാത്രയാക്കിയത്.