Asianet News MalayalamAsianet News Malayalam

യുഎഇയിലേക്കുള്ള മടക്കം; പ്രവാസികളെ പിഴിയുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ

യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയില്‍ അധികം തുകയാണ് ബജറ്റ് എയര്‍ലൈന്‍ ഈടാക്കുന്നത്  സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്.

very high ticket rate by air india to uae
Author
Thiruvananthapuram, First Published Jul 10, 2020, 6:41 AM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയില്‍ അധികം തുകയാണ് ബജറ്റ് എയര്‍ലൈന്‍ ഈടാക്കുന്നത്. ശനിയാഴ്ച മുതലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്.

തുടക്കത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ്. ബജറ്റ് എയര്‍ലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയിലേക്ക് പറക്കണമെങ്കില്‍ ചുരുങ്ങിയത് 29,650 രൂപ നല്‍കണം. ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും. 

ജോലിയില്‍ പെട്ടെന്ന് പ്രവേശിക്കേണ്ടവര്‍, കേരളത്തില്‍ കുടുങ്ങിയ ബന്ധുക്കള്‍ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നത്. ഇവരെയാണ് ദേശീയ വിമാനക്കമ്പനി പിഴിയുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.

ഇതാണിപ്പോഴത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് നാലിരട്ടിയില്‍ അധികം വര്‍ധിപ്പിച്ചിരിക്കുന്നത്. അതാവശ്യ കാര്യങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാനാകാതെ ആശങ്കയിലായവര്‍ക്ക് ആശ്വാസമായാണ്  വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് വന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങിയത്. 

യാത്രക്കാര്‍ക്ക് ഐസിഎ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി  ആന്റ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ അനുമതി ആവശ്യമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിഎസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണം. ഹെല്‍ത്ത്, ക്വാറന്റീന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.

Follow Us:
Download App:
  • android
  • ios