വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി നിയന്ത്രണം വിട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതിന്‍റെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. 

അബുദാബി: താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു. കടുത്ത വേനലില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണോയെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് പൊലീസിന്‍റെ നിര്‍ദ്ദേശം.

വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി അപകടങ്ങള്‍ ഉണ്ടാകുന്നത് കൂടുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പൊലീസ് ഓര്‍മ്മപ്പെടുത്തുന്നത്. റോഡുകളില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി നിയന്ത്രണം വിട്ട് തെന്നിമാറി ബാരിയറുകളില്‍ ഇടിച്ചുണ്ടായ അപകടങ്ങളുടെ വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. സുരക്ഷ ഉറപ്പുള്ളതും താപനിലയെ ചെറുക്കാന്‍ കഴിയുന്നതും യുഎഇയിലെ റോഡുകളില്‍ അനുയോജ്യമായതുമായ ടയറുകള്‍ ഉപയോഗിക്കണമെന്നും ടയറുകളുടെ നിര്‍മ്മാണ തീയതി പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുരക്ഷയില്ലാത്ത അനുയോജ്യമല്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്ന നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇതിന് പുറമെ നാല് ട്രാഫിക് ബ്ലാക്ക് പോയിന്‍റുകളും ഒരാഴ്ച വാഹനം പിടിച്ചുവെക്കലും ശിക്ഷ നല്‍കും.

View post on Instagram