ആകാശത്ത് വിചിത്ര വസ്തു പ്രത്യക്ഷപ്പെടുന്നതിന്‍റെയും പൊട്ടിത്തെറിക്കുന്നതിന്‍റെയും വീഡിയോകള്‍ എക്സ് പ്ലാറ്റ്‍ഫോമില്‍ പ്രചരിക്കുന്നുണ്ട്.

റിയാദ്: ആകാശത്ത് ഒരു വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്നെന്ന പേരില്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുകയാണ് ഒരു വീഡിയോ. സൗദി അറേബ്യയിലെ ഹായിലില്‍ ആകാശത്ത് ഒരു വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്നെന്ന തലക്കെട്ടോടെയാണ് വീഡിയോ ഒരു സൗദി പൗരന്‍ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലും ആകാശത്ത് ഇത്തരമൊരു വസ്തു പ്രത്യക്ഷപ്പെട്ടതായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന പല വീഡിയോകളിലും പറയുന്നു.

മദീന, ഹായില്‍, ഹഫര്‍ അല്‍ബാത്തിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകാശത്ത് വിചിത്ര വസ്തു പ്രത്യക്ഷപ്പെടുന്നതിന്‍റെയും പൊട്ടിത്തെറിക്കുന്നതിന്‍റെയും വീഡിയോകള്‍ എക്സ് പ്ലാറ്റ്‍ഫോമില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ ആധികാരികമാണോ എന്നും എന്ത് വസ്തുവാണിതെന്നും സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയോ വിശദീകരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല.

ബുധനാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് ഈ വസ്തു ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് പൊട്ടിത്തെറിക്കുന്നതും വീഡിയോകളില്‍ കാണാം. ഔദ്യോഗിക വിശദീകരണം പുറത്തുവന്നാല്‍ മാത്രമെ സംഭവത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. എന്തായാലും സോഷ്യൽ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

Scroll to load tweet…