ഇന്ത്യക്കാരുടെ മാറ്റാനാകാത്ത ശീലങ്ങളെ കുറിച്ചുള്ള വീഡിയോ വൈറലായി. വൈറൽ വീഡിയോയ്ക്ക് നിരവധി പേർ രസകരമായ കമന്‍റുകളും പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യക്കാർക്ക് തനതായ സ്വഭാവസവിശേഷതകളും ശീലങ്ങളുമുണ്ട്. ഭക്ഷണവും വസ്ത്രവും പെരുമാറ്റ രീതിയുമടക്കം ഇന്ത്യക്കാർക്ക് തങ്ങളുടേതായ ശീലങ്ങളുണ്ട്. അത്തരമൊരു ശീലം പൊല്ലാപ്പാകുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്രാൻസിലാണ് സംഭവം നടന്നത്. ഒരു ഭർത്താവ് ഫ്രാൻസിലെത്തിയ തന്‍റെ ഭാര്യയുടെ ഒരു മാറ്റാനാകാത്ത ശീലത്തിന്‍റെ വീഡിയോ പങ്കുവെക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫ്രാൻസിൽ ഭർത്താവിനൊപ്പം എത്തിയ യുവതി വസ്ത്രങ്ങൾ കഴുകി ടെറസിൽ ഉണക്കാനിടുന്നതാണ് വീഡിയോയിലുള്ളത്. കയർ വലിച്ചു കെട്ടിയ ശേഷം അയയുണ്ടാക്കി നനഞ്ഞ തുണികൾ ഓരോന്നായി യുവതി അതിൽ ഉണക്കാനിടുകയാണ്. ഫ്രാൻസിലെ ലിയോണിൽ ആണ് വീടിന്‍റെ ടെറസിൽ യുവതി തുണി ഉണക്കാനിട്ടത്. ഫ്രാൻസിൽ ഇങ്ങനെ വീടിന് പുറത്ത് വസ്ത്രങ്ങൾ ഉണക്കാനിടുന്നത് അനുവദനീയമല്ലെന്ന് ഭർത്താവ് പറയുന്നുണ്ട്. ഫ്രാൻസിൽ വസ്ത്രം അലക്കാൻ കൊടുക്കുന്നത് വലിയ ചെലവേറിയ കാര്യമാണെന്നും അതുകൊണ്ടാണ് താൻ വസ്ത്രം സ്വയം അലക്കാൻ തീരുമാനിച്ചതെന്നും ഭാര്യ ഇതിന് മറുപടി നൽകുന്നുണ്ട്. തുണിയലക്കാൻ കൊടുക്കുമ്പോൾ നാട്ടിലെ 300 മുതൽ 400 രൂപ വരെ ഇവിടെ ചെലവാകുമെന്നും ആ അധിക ചെലവൊഴിവാക്കാനാണ് വസ്ത്രങ്ങൾ സ്വയം അലക്കിയിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ വസ്ത്രം ഉണക്കുന്നതിനെതിരെ സ്വദേശികളായ ആരെങ്കിലും പരാതി നൽകിയാൽ നിശബ്ദത പാലിച്ചോളാമെന്നും അവർ പറഞ്ഞതൊന്നും മനസ്സിലാകാത്ത പോലെ നടിച്ചാൽ ഫ്രഞ്ച് ഭാഷ മനസ്സിലാകാത്തത് കൊണ്ടാണ് താൻ മിണ്ടാതിരിക്കുന്നതെന്ന് അവർ വിചാരിച്ചോളുമെന്നും യുവതി പറയുന്നുണ്ട്.
‘ഫ്രാൻസിൽ, വീടിന്റെ ടെറസിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടതിന് ഭർത്താവ് എന്നെ ശകാരിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ വീഡിയോ പങ്കുവച്ചത്. ‘നിങ്ങളുടെ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക.’എന്ന് ഭർത്താവും കുറിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് രസകരമായ നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 'ഒരു ഇന്ത്യക്കാരനെ ഇന്ത്യയിൽ നിന്ന് പുറത്തുകൊണ്ടുപോകാം, പക്ഷേ ഇന്ത്യയെ ഒരു ഇന്ത്യക്കാരനിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ കഴിയില്ല'- എന്ന രസകരമായ കമന്‍റ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്.


