അന്‍വിതയുടെ വീഡിയോ നിറകയ്യടിയോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കള്‍. യുഎഇയിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.

ഷാര്‍ജ: സോഷ്യൽ മീഡിയയില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി വൈറലാകുകയാണ് ഒരു മലയാളി പെൺകുട്ടിയുടെ വീഡിയോ. യുഎഇയിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ സ്കേറ്റ്ബോര്‍ഡിങ് വീഡിയോയാണ് വൈറലാകുന്നത്.

പത്ത് വയസ്സുകാരിയായ അൻവിത സ്റ്റാലിനാണ് താരം. ‘അൻവി സ്കേറ്റർ’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച അന്‍വിതയുടെ വീഡിയോ വളരെ പെട്ടെന്ന് തരംഗമാകുകയായിരുന്നു. ഷാര്‍ജയിലെ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച് മുല്ലപ്പൂവും ചൂടിയെത്തിയ അന്‍വിത അനായാസമായി സ്കേറ്റ് ചെയ്യുന്നതിന്‍റെ വീഡിയോ കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. പാവാട ധരിച്ചു കൊണ്ട് ഫ്ലിപ്പുകളും സ്പിന്നുകളും നടത്തുന്ന അന്‍വിതയെ വീഡിയോയില്‍ കാണാം.

പ്രവാസ ലോകത്തെ ഓണാഘോഷം മാസങ്ങള്‍ നീളുന്നതാണ്. ഓണം മൂഡിനൊപ്പം ചേര്‍ന്ന് അന്‍വിത സ്കേറ്റ്ബോര്‍ഡില്‍ അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്കേറ്റ് ബോര്‍ഡില്‍ ധാവണിയുടുത്ത് അനായാസമായി ഫ്ലിപ്പ് ചെയ്യുന്ന അന്‍വിതയുടെ വീഡിയോ നിറകയ്യടിയോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കള്‍.

ഫാര്‍മസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം നിലവില്‍ അന്‍വിത കേരളത്തിലുണ്ട്. 2025 ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ജില്ലാതല യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കാനെത്തിയതാണ് അന്‍വിത. സാധാരണ സ്കേറ്റ് ചെയ്യുന്നതെങ്ങനെയാണോ അതുപോലെ തന്നെയാണ് അന്നും സ്കേറ്റ് ചെയ്തതെന്നും ധാവണി ധരിച്ചത് കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഇല്ലായിരുന്നെന്നും അന്‍വിത ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ദുബൈയില്‍ ഡ്രൈഡോക്സ് വേൾഡ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സ്റ്റാലിന്‍ മേലേടത്ത് മോഹനന്‍ ആണ് അന്‍വിതയുടെ പിതാവ്. വീഡിയോ വൈറലായതിലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതിലും സന്തോഷമുണ്ടെന്ന് അന്‍വിത പറഞ്ഞു.

View post on Instagram