ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ എളിമ വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. ദുബൈയിലെ ഒരു മാളിലൂടെ ശൈഖ് മുഹമ്മദ് അകമ്പടി സംഘത്തോടൊപ്പം നടന്നുപോവുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ എളിമയുടെയും പൊതുജനങ്ങളോടുള്ള പെരുമാറ്റവും തെളിയിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ഊഷ്മളമായ പെരുമാറ്റം കൊണ്ട് പലപ്പോഴും ശ്രദ്ധേയനാകാറുണ്ട്.
ദുബൈയിലെ ഒരു മാളിലൂടെ ശൈഖ് മുഹമ്മദ് അകമ്പടി സംഘത്തോടൊപ്പം നടന്നുപോവുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ അദ്ദേഹത്തെ കാണുന്നത് സാധാരണമായതിനാൽ, ആദരസൂചകമായി ആളുകൾ വഴിമാറി കൊടുക്കുന്നത് പതിവാണ്. എന്നാൽ ഈ വീഡിയോയിൽ ഭരണാധികാരിയാണ് മുന്നിൽ വരുന്നത് എന്ന് ശ്രദ്ധിക്കാതെ ഒരു സ്ത്രീ തന്‍റെ വഴിയിൽ നിന്ന് മുന്നോട്ട് നടന്നുകയറാൻ ശ്രമിച്ചു. ഒരു കടയിലേക്കോ മറ്റോ ശ്രദ്ധിച്ചിരുന്ന സ്ത്രീ, തൊട്ടുമുന്നിൽ യുഎഇ ഭരണാധികാരിയാണെന്ന് അറിഞ്ഞിരുന്നില്ല.
മാളിലെത്തിയ മറ്റൊരു സന്ദർശകൻ ചിത്രീകരിച്ച ഈ വീഡിയോയിൽ, ഒരു കടയിലേക്ക് ശ്രദ്ധിച്ച് മുന്നോട്ട് നോക്കി നടക്കുന്ന സ്ത്രീ, ഭരണാധികാരി ഏതാനും അടി അകലെയായിരിക്കുമ്പോൾ തന്നെ അകമ്പടി സംഘത്തിന് കുറുകെ കടക്കാൻ ശ്രമിക്കുന്നു. ഇവരെ തടയാനോ, വഴിയിൽ നിന്ന് മാറ്റാനോ ശൈഖ് മുഹമ്മദിന്‍റെ ജീവനക്കാർ ശ്രമിക്കുന്നതിനിടെ, ശൈഖ് മുഹമ്മദ് അകമ്പടി സംഘത്തെ തന്‍റെ ഊന്നുവടി ഉപയോഗിച്ച് തടയുകയും, സംഘാംഗങ്ങളോട് അവിടെ നിൽക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. സ്ത്രീക്ക് തടസ്സമില്ലാതെ കടന്നുപോകാൻ അദ്ദേഹം അവസരം നൽകുകയായിരുന്നു. ആ സ്ത്രീ നടന്നുപോയ ശേഷം മാത്രമാണ് അദ്ദേഹം മുന്നോട്ടുള്ള നടത്തം പുനരാരംഭിച്ചത്.
ശൈഖ് മുഹമ്മദിന്‍റെ ഈ പ്രവൃത്തിയെ പൗരന്മാരും താമസക്കാരും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രശംസിക്കുകയാണ്. 'ഇത്രയും വിനയവും ബഹുമാനവുമുള്ള നേതാക്കളുള്ള രാജ്യത്ത് ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്,'- സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്ക് താഴെ ഒരാൾ കമന്‍റ് പങ്കുവെച്ചു.
ഈ വീഡിയോ 'ചരിത്രത്തിൽ മായാതെ കിടക്കും' എന്നും, 'ഒരു രാജ്യത്തിന്റെ നേതാവ് അസാധാരണമായ മര്യാദ കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് സല്യൂട്ട്, സർ,' എന്നും മറ്റൊരാൾ കമന്‍റ് ചെയ്തു. ശൈഖ് മുഹമ്മദിന്‍റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുബൈയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിൽ അധിഷ്ഠിതമായ നേതൃത്വമാണ് ശൈഖ് മുഹമ്മദിന്‍റെ ഈ പ്രവൃത്തികൾ എന്നും പ്രതിഫലിപ്പിക്കുന്നത്.


