മനാമ:  വിദേശ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പടരാന്‍ പ്രധാനകാരണം താമസസ്ഥലങ്ങളിലെ സാഹചര്യമാണെന്ന് ബഹ്റൈന്‍ നാഷനല്‍ ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലേബര്‍ ക്യാമ്പുകളില്‍ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കാനുള്ള സാഹചര്യമുണ്ടാകണം. തൊഴിലാളികളുമായോ ഏതെങ്കിലും വര്‍ഗ്ഗവും രാജ്യവുമായോ വൈറസിനെ ബന്ധിപ്പിക്കരുതെന്ന്  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിദേശ തൊഴിലാളികള്‍ക്കിടിയല്‍ കൊവിഡ് കേസുകള്‍ കൂടുന്നതിനെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹിക നിര്‍മ്മാണത്തില്‍ വിദേശ തൊഴിലാളികളുടെ പങ്ക് നിര്‍ണായകമാണ്. അവര്‍ക്ക് നമ്മളെയും നമുക്ക് അവരെയും ആവശ്യമുണ്ട്. അവരെ സഹായിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അവര്‍ക്കിടയില്‍ അവബോധമുണ്ടാക്കുക, ഉചിതമായ താമസസൗകര്യം ലഭ്യമാക്കുക എന്നതൊക്കെയാണ് ചെയ്യേണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരിശോധനങ്ങളിലുമൊക്കെ വിദേശത്തൊഴിലാളികള്‍ക്കാണിപ്പോള്‍ മുന്‍ഗണന. ഒന്നിച്ച് കൂടി താമസിക്കുകയും സഹവസിക്കുകയും ചെയ്യുന്നു എന്നതാണ് തൊഴിലാളികള്‍ക്കിടിയില്‍ രോഗം വ്യാപിക്കാന്‍ കാരണമായതെന്ന് മനസ്സിലാക്കണം.

രാജ്യത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. താമസസ്ഥലങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നതു കൊണ്ട് തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പകരുന്നത് കര്‍ഫ്യു കൊണ്ട് തടയാനാവില്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 3000 ത്തോളം ടെസ്റ്റുകളാണ് നടത്തിയത്. വന്‍തോതില്‍ ടെസ്റ്റ് നടത്താനുളള രാജ്യത്തിന്റെ ശേഷിയാണ് ഇത് കാണിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ വ്യാപകമായ തോതില്‍ ടെസ്റ്റ് നടത്തുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണം കൂടുന്നത്.

കൊവിഡ് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ചുളള ചികിത്സ ഏതാനും ദിവസത്തിനുളളില്‍ ബഹ്റൈനില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി രോഗിക്ക് നല്‍കുന്ന ചികിത്സാ രീതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊവിഡ് മുക്തരായ 600 ഓളം പേര്‍ ബഹ്റൈനിലുണ്ടെന്നതിനാല്‍ ഈ ചികിത്സ എളുപ്പം നടപ്പാക്കാനാകും.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും മൈാബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍മനിയ അറിയിച്ചു. ഒരാറ്റ ആഴ്ച കൊണ്ട് അന്താരാഷ്ട നിലവാരത്തിലുളള ഐ.സി.യു ഒരുക്കാനായത് ബഹ്റൈന്‍ പ്രതിരോധ സേനയുടെ നേട്ടമാണ്. എല്ലാ മേഖലകളിലും വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിച്ചു കൊണ്ട് മാത്രമെ കൊവിഡിനെ പ്രതിരോധിക്കാനാകൂയെന്ന് ടാസ്‌ക് ഫോഴ്സ് അംഗമായ ഡോ.ജമീല അല്‍ സല്‍മാന്‍ പറഞ്ഞു.