വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്ലാതെ ഒരു വര്‍ഷത്തേക്ക് കൂടി വിസാ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കും. അവരുടെ മക്കള്‍ക്കും വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനാവും. 

അബുദാബി: യുഎഇയില്‍ ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ താമസിക്കുന്ന വിദേശി വനിതകള്‍ക്ക് സഹായകമാവുന്ന തരത്തില്‍ പുതിയ വിസ പരിഷ്കാരം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് വിവാഹമോചിതയാവുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താല്‍ സ്ത്രീകള്‍ ഉടനെ നാട്ടിലേക്ക് മടങ്ങേണ്ടതില്ല.

വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്ലാതെ ഒരു വര്‍ഷത്തേക്ക് കൂടി വിസാ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കും. അവരുടെ മക്കള്‍ക്കും വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനാവും. നിലവില്‍ വിവാഹ മോചന നടപടികളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ മാറ്റമെന്ന് നിയമവിദഗ്ദര്‍ പറയുന്നു. വിസ സ്പോണ്‍സര്‍ഷിപ്പ് അധികാരം ഭര്‍ത്താക്കന്മാര്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ ഇതോടെ കുറയുമെന്നാണ് പ്രതീക്ഷ.

വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യമാരെ ചൂഷണം ചെയ്യുകയും വിവാഹമോചന കേസുകള്‍ക്കിടെ ഭാര്യമാരെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവാഹമോചനം നേടുമ്പോള്‍ ഭര്‍ത്താവ് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തുക കുറയ്ക്കാനോ അല്ലെങ്കില്‍ കുട്ടികളുടെ അവകാശം സംബന്ധിച്ച് ഭാര്യ തര്‍ക്കമുന്നയിക്കാതിരിക്കാനോ ഒക്കെയാണിത്. ഇത് മാറുന്നതോടെ വിവാഹമോചന ശേഷവും സ്വതന്ത്രയായി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അധികൃതര്‍ പ്രത്യാശിക്കുന്നു.

ഇതോടൊപ്പം ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി പോകുന്ന അവസ്ഥയിലെത്തുന്നവര്‍ക്കും പുതിയ തീരുമാനം അനുഗ്രഹമാകും. രാജ്യത്ത് തന്നെ മറ്റ് തൊഴില്‍ അന്വേഷിക്കാനും ജീവിതത്തിലെ പുതിയ പരിതസ്ഥിതികളോട് പൊരുത്തപ്പെടാനും ഇത് സഹായിക്കും. സ്ത്രീകള്‍ക്കൊപ്പം മക്കള്‍ക്കും യുഎഇയില്‍ ഒരു വര്‍ഷം വരെ തുടരാനാവും.