യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അനുവദിച്ചിരുന്ന താൽക്കാലിക വിസ, പെർമിറ്റ് ആനുകൂല്യങ്ങൾ കുവൈത്ത് സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുന്നു. വിസിറ്റ് വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടലും വിദേശത്ത് കഴിയുന്ന പ്രവാസികൾക്കുള്ള അബ്സൻസ് പെർമിറ്റ് ഇളവുകളും ഇതോടെ ഇല്ലാതാകും. പഴയ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: യുഎസ്-ഇറാൻ സംഘർഷത്തിന്‍റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ വിസിറ്റ് വിസകൾക്കും വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അബ്സൻസ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത്. സെപ്റ്റംബർ ഒന്നു മുതൽ സംഘർഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ഫെബ്രുവരി അവസാനം മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നൽകിയത്. ഒപ്പം, വിദേശത്ത് 6 മാസത്തിൽ കൂടുതൽ നിൽക്കാൻ പ്രവാസികൾക്ക് അനുമതി നൽകുന്ന പ്രത്യേക പെർമിറ്റിന്റെ കാലാവധിയും നീട്ടി നൽകിയിരുന്നു.

മന്ത്രാലയത്തിന്‍റെ പ്രധാന അറിയിപ്പുകൾ

വിസിറ്റ് വിസ ഇളവ് അവസാനിക്കും

വിസിറ്റ് വിസകളിൽ രാജ്യത്തുള്ള പ്രവാസികൾക്ക് നൽകിവന്നിരുന്ന ഓട്ടോമാറ്റിക് വിസാ കാലാവധി നീട്ടൽ സെപ്റ്റംബർ 1-ഓടെ അവസാനിക്കും. ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന സാധാരണ വിസാ ചട്ടങ്ങളിലേക്ക് ആഭ്യന്തര മന്ത്രാലയം മടങ്ങും.

വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക്

വിദേശത്ത് നിശ്ചിത കാലാവധിയിൽ കൂടുതൽ തങ്ങുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റുകളുടെ കാലാവധിയും സെപ്റ്റംബർ 1 മുതൽ ദീർഘിപ്പിച്ചു നൽകില്ല. എന്നാൽ ഓഗസ്റ്റ് 31 വരെ കുവൈത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും.

സഹെൽ ആപ്പ്

അബ്സൻസ് പെർമിറ്റുകളുടെ അന്തിമ കാലാവധി നിർണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവൺമെന്റ് ആപ്പായ 'സഹെൽ' നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക. വ്യോമഗതാഗതം സാധാരണ നിലയിലായ പശ്ചാത്തലത്തിലാണ് വിസ ആനുകൂല്യങ്ങൾ പിൻവലിച്ച് കുവൈത്ത് പഴയ നിയമങ്ങളിലേക്ക് തിരികെ പോകുന്നത്.