റിയാദ്: വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത് വഴി സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, മുഖീം എന്നിവ വഴി ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ പരമാവധി 180 ദിവസത്തിലധികം സൗദിയില്‍ തങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലാവധി കഴിഞ്ഞവരുടെ വിസയും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് എല്ലാ സന്ദര്‍ശക വിസകളും ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. വിസ അനുവദിച്ച കാലയളവിന് തുല്യമായ കാലയളവിലേക്കാണ് ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. വിസയുടെ കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസമോ അതില്‍ കുറമോ സമയമുള്ളപ്പോഴാണ് പുതുക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തില്‍ കൂടാനും പാടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ജവാസാത്തിനെ ഇ-മെയില്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ബന്ധപ്പെടാം.