1900ത്തില്‍ ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ പാബ്‌ളോ പിക്കാസോയെ പ്രചോദിപ്പിച്ച ശില്പങ്ങളിലൊന്നാണ് നിംബ. 

ദുബൈ: മാര്‍ച്ച് 29: മാര്‍ച്ച് അവസാനത്തോടെ എക്‌സ്‌പോ 2020ക്ക് തിരശ്ശീല വീഴുമ്പോള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗ്വിനിയ സസ്റ്റയ്‌നബിലിറ്റി ഡിസ്ട്രിക്റ്റിലെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'സമൃദ്ധിയുടെ സിംഹാസനം' എന്ന ശില്‍പത്തിന്റെ നേര്‍ക്കാഴ്ച തേടുന്ന സന്ദര്‍ശകരുടെ വലിയ കൂട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ഫലപുഷ്ടിയുടെ പ്രതീകമായ യഥാര്‍ത്ഥ നിംബ പ്രതിമ 'സമൃദ്ധിയുടെ സിംഹാസനം' (ത്രോണ്‍ ഓഫ് പ്രേസ്‌പെരിറ്റി)ക്കൊപ്പം പവലിയന്‍ കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗ്വിനിയന്‍ കലയുടെ സവിശേഷതയായ രണ്ടു ശില്‍പ്പങ്ങള്‍ പ്രവേശന കവാടത്തിലൂടെ കടക്കുന്നതിന് മുമ്പു തന്നെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.

1900ത്തില്‍ ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ പാബ്‌ളോ പിക്കാസോയെ പ്രചോദിപ്പിച്ച ശില്‍പ്പങ്ങളിലൊന്നാണ് സാര്‍വത്രിക മാതൃരൂപമായി വാഴ്ത്തപ്പെടുന്ന നിംബ. ആഫ്രിക്കന്‍ കലയിലെ സവിശേഷമായ ആഡംബര ശിരോവസ്ത്രം ആഫ്രിക്കന്‍ ഇതിഹാസങ്ങളിലെ ഏറ്റവും ആകര്‍ഷകമായ കാര്യങ്ങളില്‍ ഒന്നാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താമസിക്കുന്ന ഗ്വിനിയയിലെ ബാഗ വംശജരുടേതാണീ തടി കൊണ്ടുള്ള കലാസൃഷ്ടി. ''നൂറ്റാണ്ടുകളായി നിംബ തങ്ങള്‍ക്ക് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവന്നിട്ടുണ്ടെന്ന് ഗ്വിനിയക്കാരും മറ്റ് നിരവധി പശ്ചിമാഫ്രിക്കന്‍ സമൂഹങ്ങളും പരമ്പരാഗതമായി വിശ്വസിക്കുന്നു. അതുകൊണ്ടാണ് നിംബയെ അവര്‍ അമൂല്യമായ ദേശീയ ചിഹ്നമായി കണക്കാക്കുന്നത്'' -പവലിയനിലേക്കുള്ള സന്ദര്‍ശക പ്രവാഹത്തെ കുറിച്ച് പരാമര്‍ശിക്കവേ ഗ്വിനിയ പവലിയന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജനറല്‍ ഫത്തുമാറ്റ കോണ്ടെ പറഞ്ഞു. 

നിംബയുടെ പ്രസരിപ്പും ഭാവനയും തുളുമ്പുന്ന ശില്‍പ്പ രൂപവും സര്‍റിയലിസ്റ്റിക് ആവിഷ്‌കാരവും അതിന് അസാധാരണമായ ഒരാകര്‍ഷണം നല്‍കുന്നു. നിംബ ഗ്വിനിയയുടെ ഇതിഹാസങ്ങളുടെ ഒരു നിഗൂഢതയാണ് -അവര്‍ കൂട്ടിച്ചേര്‍ത്തു. സമൃദ്ധി, ഭാഗ്യം, ഫലഭൂയിഷ്ഠത എന്നിവയെ പ്രതിനിധീകരിക്കുന്നു നിംബയെന്ന് അഭിപ്രായപ്പെട്ട അവര്‍, ഗ്വിനിയയിലെ നെല്ല് വിളവെടുപ്പുത്സവങ്ങള്‍ വയലുകളുടെ ഫലഭൂയിഷ്ഠത, വിളവെടുപ്പ് കാലത്തെ ഭാഗ്യം എന്നിവയെല്ലാം നേടാന്‍ നിംബയെ നൃത്ത ചടങ്ങുകളില്‍ അവതരിപ്പിക്കാറുണ്ടെന്നും വ്യക്തമാക്കി. 

പശ്ചിമാഫ്രിക്കയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി നിംബ കാണാനാകുന്നുവെന്നും അവര്‍ വിശദീകരിച്ചു. എക്‌സ്‌പോ 2020 ആരംഭിച്ചതു മുതല്‍ രാജ്യവും ഗവണ്‍മെന്റുകളും നിരവധി രാജ്യങ്ങളിലെ സ്വകാര്യ, പൊതുമേഖലകളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ഗ്വിനിയ വലുതും ചെറുതുമായ നിരവധി സാമൂഹിക, ബിസിനസ് പരിപാടികളാണ് സംഘടിപ്പിച്ചത്.