റിയാദ്: സൗദി ടൂറിസം സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. കൊവിഡ് മൂലം പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഘട്ടം ഘട്ടമായി നീക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള അൽഉല പുരാവസ്തുക കേന്ദ്രങ്ങളിൽ ഒക്ടോബർ 31 മുതൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. അൽഉല റോയൽ കമീഷൻ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 

30, 31 തീയതികളിൽ അൽഉലയിലെ പ്രദേശവാസികൾക്ക് മാത്രമാണ് പ്രവേശനാനുമതി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അൽഉല പുരാവസ്തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്മ മലയിടുക്കുകൾ എന്നിവ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്. 

സന്ദർശകർ പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. പ്രദേശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും www.experiencealula.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സന്ദർശകർക്കായി അൽഉല വിമാനത്താവളം സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ നിന്നും പൈതൃക പ്രദേശങ്ങളിലെത്താൻ മറ്റു ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.