ഡ്രൈവിങ് കോഴ്‍സുകള്‍ നടത്തുന്നത് സംബന്ധിച്ച് നിരവധിപ്പേര്‍ പരസ്യങ്ങള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒരു ക്ലാസിന് 50 മുതല്‍ 100 ദിര്‍ഹം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്.
ദുബായ്: സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഡ്രൈവിങ് കോഴ്‍സുകള്‍ നടത്തുന്നത് സംബന്ധിച്ച് നിരവധിപ്പേര്‍ പരസ്യങ്ങള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒരു ക്ലാസിന് 50 മുതല്‍ 100 ദിര്‍ഹം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. നിരവധിപ്പേര്‍ ഇങ്ങനെ ഡ്രൈവിങ് പഠിക്കാനായി നിയമവിരുദ്ധ കോഴ്‍സുകളില്‍ ചേരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ടിഎയുടെ ടെസ്റ്റ് പാസാവാന്‍ സഹായിക്കുമെന്ന വാഗ്ദാനത്തോടെയാണ് പല പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത്. സംശയം തോന്നാതിരിക്കാന്‍ പ്രധാന റോഡുകള്‍ ഒഴിവാക്കിയാണ് പരിശീലനം.
ഇത്തരം പരസ്യങ്ങള്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ നിയമലംഘനങ്ങള്‍ വ്യാപകമായിട്ടില്ലെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് ഏജന്‍സി സിഇഒ യൂസഫ് അല്‍ അലി പറഞ്ഞു. അനധികൃത പരിശീലകരുടെ സഹായം തേടരുതെന്നും അദ്ദേഹം പറഞ്ഞു. അംഗീകൃത ഡ്രൈവിങ് സ്കൂളില്‍ ചേരേണ്ടത് നിര്‍ബന്ധമാണ്. ഇവിടങ്ങളിലെ പരിശീലനം സിദ്ധിച്ച ഇന്‍സ്ട്രക്ടര്‍മാരുടെ കീഴിവാണ് ഡ്രൈവിങ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
