ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍  മാസ്കുകളുടെയും നോസ് കവറുകളുടെയും വില വര്‍ധിപ്പിക്കരുതെന്ന് ഫാര്‍മസികള്‍ക്കും കടകള്‍ക്കും നിര്‍ദ്ദേശം നല്‍കി ദുബായ് സാമ്പത്തിക വകുപ്പ്. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ഫേസ് മാസ്കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ വില ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

 മാസ്കുകള്‍ക്ക് സാധാരണയിലും കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും വകുപ്പ് അറിയിച്ചു. അതേസമയം അതീവ സുരക്ഷ നല്‍കുന്ന എന്‍95 മാസ്കുകള്‍ ഉള്‍പ്പെടെയുള്ള ഫേസ് മാസ്കുകളുടെ ലഭ്യതക്കുറവും ഫാര്‍മസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Read More: സൗദിയിൽ പുതിയ കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രി

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 6000ലധികം പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചൈനയില്‍ രോഗം ബാധിച്ച 1,239 പേരുടെ പേരുടെ നില ​ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി.