അബുദാബി: അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മേഖലയില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. ബുധനാഴ്ച രാത്രി 10 മണിവരെ ശക്തമായ തിരയടിക്കാന്‍ സാധ്യതയുണ്ട്. അഞ്ചു മുതല്‍ ഏഴ് അടി വരെ ഉയരത്തിലുള്ള തിരകളുണ്ടാമെന്നാണ് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

വരും ദിവസങ്ങളില്‍ യുഎഇയിലെ താപനില കുറയുമെന്നും അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റ് സ്ഥലങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും പരമാവധി താപനില. രാജ്യത്തെ തുറസായ പ്രദേശങ്ങളില്‍ പൊടിക്കാറ്റുണ്ടാവും. ഒമാന്‍ ഉള്‍ക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചിട്ടുണ്ട്.