ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്കേറ്റു. വിമാനത്തിലെ എമര്‍ജന്‍സി എക്സിറ്റിന് മുകളിലേക്ക് ശക്തിയായി വെള്ളം പതിച്ചതോടെ എമര്‍ജന്‍സി എക്സിറ്റ് അബദ്ധത്തില്‍ തുറക്കുകയും  അതിനോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് അപകട സമയത്ത് ഇറങ്ങാനുള്ള സംവിധാനം പ്രവര്‍ത്തിക്കുകയുമായിരുന്നു. 

നേരത്തെ നടന്ന അപകടമാണെങ്കിലും യുഎഇ  സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് സൗദിയ വിമാനം SV 5666ന് ദുബായ് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയത്. രണ്ട് അഗ്നിശമന വാഹനങ്ങള്‍ ടാക്സി വേയില്‍ വിമാനത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. എന്നാല്‍ ഇടതുവശത്തുണ്ടായിരുന്ന വാഹനത്തിലെ തകരാര്‍ കാരണം ആദ്യം വെള്ളം ഏറെ ഉയരത്തിലേക്ക് പമ്പ് ചെയ്യുകയും പിന്നീട് വെള്ളം വിമാനത്തിലേക്ക് നേരിട്ട് അടിക്കുകയുമായിരുന്നു.

വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി എക്സിറ്റിന് മുകളിലേക്കാണ് ഉയര്‍ന്ന മര്‍ദ്ദത്തോടെ വെള്ളം പതിച്ചത്. തുടര്‍ന്ന് എമര്‍ജന്‍സി എക്സിറ്റ് തുറക്കുകയും യാത്രക്കാര്‍ക്ക് താഴെ ഇറങ്ങാനായി ഇതോടൊപ്പം സജ്ജമാകുന്ന വായുനിറച്ച സംവിധാനം പ്രവര്‍ത്തിക്കുകയുമായിരുന്നു. ഇതോടെ അപകട മുന്നറിയിപ്പ് നല്‍കി വിമാനം ഉടന്‍ തന്നെ നിര്‍ത്തി. പിന്നീട് കെട്ടിവലിച്ചാണ് വിമാനം ഗേറ്റിന് സമീപത്ത് എത്തിച്ച് യാത്രക്കാരെ ഇറക്കിയത്. 

യാത്രക്കാരെ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞെങ്കിലും എമര്‍ജസി എക്സിറ്റ് തുറന്ന് പെട്ടെന്ന് അനുബന്ധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത് വഴി ഇതിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന് പരിക്കേറ്റു. ഇയാള്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കി. പരിശോധനയില്‍ പരിക്ക് സാരമുള്ളതല്ലെന്ന് മനസിലായതോടെ ഇയാളെ തുടര്‍ യാത്രയ്ക്ക് അനുവദിക്കുകയും ചെയ്തു. 

വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കുന്ന വിവരം ജീവനക്കാരെയോ യാത്രക്കാരെയോ അറിയിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്നിശമന വാഹനങ്ങള്‍ നേരത്തെ പരിശോധിച്ച് തകരാറില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംഭവം അന്വേഷിച്ച യുഎഇ സിവില്‍ ഏവിയേഷന്‍ സംഘം ശുപാര്‍ശ ചെയ്തു.