ദുബായ്: ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ദുബായ് മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബായ് മാളിന്റെ താഴെ നിലയിലും ചില കടകളിലും പാര്‍ക്കിങ് ഏരിയയിലുമാണ് വെള്ളം കയറിയത്. മാളില്‍ വെള്ളം കെട്ടികിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 

കനത്ത മഴ ദുബായ് മാളിനെ ബാധിച്ചതായി റിയല്‍ എസ്റ്റേറ്റ് ഡെലവലപ്പറായ എമാര്‍ പ്രോപ്പര്‍ട്ടീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചോര്‍ച്ചയുണ്ടായി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മാളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിട്ടില്ല. പ്രശ്നങ്ങള്‍ സന്ദര്‍ശകരെ ബാധിക്കാതിരിക്കാന്‍  ജീവനക്കാര്‍ രംഗത്തുണ്ടെന്നും എമാര്‍ വക്താവ് അറിയിച്ചു.

മാളിലെ ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും സന്ദര്‍ശകര്‍ ഇത് നോക്കി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കടകളില്‍ വെള്ളം കയറാതെ ജീവനക്കാര്‍ നിലം തുടച്ച് വൃത്തിയാക്കുകയായിരുന്നു. ദുബായ് ഡൗണ്‍ടൗണിലെ പ്രശസ്തമായ ദുബായ് മാളിന്റെ വിസ്തീര്‍ണം 59 ലക്ഷം ചതുരശ്ര അടിയാണ്.  1300ല്‍ അധികം കടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.