മസ്‍കത്ത്: ഒമാനില്‍ 18 വയസുകാരിക്ക് കൊവിഡ് വൈറസ് ബാധിച്ചത്, വിലക്ക് ലംഘിച്ച് നടത്തിയ വിവാഹ പാര്‍ട്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. 150ഓളം പേര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് അല്‍ സൈദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി ആളുകള്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ക്ക് രാജ്യത്ത് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനിടെയായിരുന്നു സംഭവം.

വിവാഹാഘോഷം നടന്ന വിവരം ആരും അധികൃതരെ അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണങ്ങളോടെ 18 വയസുകാരി ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തി. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഹസ്യമായി വിവാഹാഘോഷം നടത്തിയതായും നിരവധി പേര്‍ ഇതില്‍ പങ്കെടുത്തതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ രാജ്യത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയോയെന്നും ഇവരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

ഒമാനികളുടെ പരമ്പരാഗത ശൈലി അനുസരിച്ച് വധുവിന്റെയും വരന്റെയും വീടുകളില്‍ പ്രത്യേകം പ്രത്യേകമാണ് ആഘോഷങ്ങള്‍ നടക്കാറുള്ളത്. ഇതില്‍ സ്ത്രീകളുടെ ആഘോഷമാണ് ഏറെ വിപുലമായ രീതിയില്‍ നടക്കാറുള്ളത്. നിരവധിപ്പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളാണ് വിവാഹാഘോഷങ്ങളുടെ ഭാഗമായി നടക്കുക.