അബുദാബി: യുഎഇയില്‍ എമിറേറ്റ് ഐഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവരുടെ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന അറിയിപ്പ് മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. സോഷ്യല്‍ മീഡിയ വഴിയും എസ്എംഎസ് വഴിയും വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

എടിഎം കാര്‍ഡുകള്‍ ബ്ലോക്കായെന്ന് കാണിച്ച് ലഭിക്കുന്ന വാട്‍സ്ആപ് സന്ദേശങ്ങള്‍ക്കെതിരെയാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഇവ എവിടെ നിന്നാണെന്ന് പരിശോധിക്കണമെന്നും ഔദ്യോഗിക സന്ദേശങ്ങളാണോയെന്ന് ഉറപ്പുവരുത്തണമെന്നും  മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. വ്യാജ സന്ദേശങ്ങളുടെ ഉദാഹരണങ്ങള്‍ സഹിതമാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്.