ദില്ലി: ലോകത്ത് പ്രവാസികള്‍ക്ക് പ്രിയങ്കരമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടംപിടിച്ച് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍. പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണ്‍സിന്റെ' ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പത്താം സ്ഥാനത്ത് നില്‍ക്കുന്ന അബുദാബിയാണ് പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള ആദ്യ രാജ്യം. 

സ്‍പെയിനിലെ വലെന്‍സിയയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്. സ്‍പെയിനിലെ തന്നെ അലകാന്റ്, ലിസ്‍ബണ്‍, പാനമ സിറ്റി, സിംഗപ്പൂര്‍, മലാഗ, ബ്യൂണസ് അയേഴ്‍സ്, ക്വലാലമ്പൂര്‍, മാഡ്രിഡ്, അബുദാബി എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍. പതിനാലാം സ്ഥാനത്ത് ഒമാന്‍ തലസ്ഥാനമായ മസ്‍കത്തും തൊട്ടടുത്ത് പതിനഞ്ചാം സ്ഥാനത്ത് ഖത്തര്‍ തലസ്ഥാനമായ ദോഹയും ഇടംപിടിച്ചിട്ടുണ്ട്. ഇരുപതാം സ്ഥാനമാണ് ദുബൈയ്‍ക്ക്. നാല്‍പ്പത്തി രണ്ടാമത് റിയാദും അന്‍പത്തിരണ്ടാം സ്ഥാനത്ത് ജിദ്ദയുമുണ്ട്.

ഫ്രാങ്ക്ഫര്‍ട്ട്, ബ്രസല്‍സ്, ന്യൂയോര്‍ക്ക്, സൂറിച്ച്, ടൊറണ്ടോ, ജനീവ തുടങ്ങിയ നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി പത്താം സ്ഥാനത്തെത്തിയത്.  കുവൈത്തിലെ സാല്‍മിയയാണ് പട്ടികയില്‍ ആറുപത്തി ആറാമതായി ഇടംപിടിച്ച ഏറ്റവും അവസാനത്തെ നഗരം.  റോം, സോള്‍, മിലാന്‍, നൈറോബി, പാരിസ്, ജൊഹന്നാസ്‍ബര്‍ഗ്, സാന്റിയാഗോ, ഡബ്ലിന്‍, ഹോങ്കോങ്ക് എന്നിവയാണ് പട്ടികയുടെ അവസാനത്തില്‍ (65 മുതല്‍ 57 വരെയുള്ള സ്ഥാനങ്ങളില്‍) ഇടം നേടിയ നഗരങ്ങള്‍.