ദുബായ്: അടുത്ത വര്‍ഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി റണ്‍വേ അടയ്ക്കുന്നതിനാല്‍ ആ സമയത്ത് ചില വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.  ചില സെക്ടറുകളിലെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയും മറ്റ് ചില സെക്ടറുകളില്‍ സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നുമാണ് എമിറേറ്റ്സിന്റെ അറിയിപ്പ്.

2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഒരു റണ്‍വേ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് ശേഷിക്കുന്ന ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാനാവൂ. നിലവില്‍ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ റണ്‍വേ അടച്ചിടുന്ന 45 ദിവസങ്ങളില്‍ 43 ശതമാനം സര്‍വ്വീസുകളെ ഇത് ബാധിക്കും. അതുകൊണ്ടുതന്നെ എമിറേറ്റ്‍സിന് പിന്നാലെ മറ്റ് വിമാന കമ്പനികളും ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുകയോ സര്‍വ്വീസുകള്‍ റദ്ദാക്കുകയോ ചെയ്യുമെന്നാണ് സൂചന. ഈ സമയങ്ങളില്‍ യാത്ര പദ്ധതിയിടുന്നവര്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴി പുതിയ വിവരങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്നു.

ദുബായ് വേള്‍ഡ് സെന്ററിലേക്ക് വിമാന സര്‍വ്വീസുകള്‍ മാറ്റാനും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ദുബായ് വേള്‍ഡ് സെന്ററില്‍ നിന്ന് സര്‍വ്വീസുകള്‍ നടത്തുന്ന ഫ്ലൈ ദുബായ് തങ്ങളുടെ കൂടുതല്‍ വിമാനങ്ങള്‍ ഇക്കാലയളവില്‍ അവിടേക്ക് മാറ്റാനും സാധ്യതയുണ്ട്.