തുറൈഫില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കന്‍ മേഖലയില്‍ ഇന്നും നാളെയും വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്കിലെ കാലാവസ്ഥാ വിഭാഗം റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ അല്‍അന്‍സി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ശൈത്യം കടുക്കുന്നു. അതിന്റെ തുടക്കമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച. വടക്കന്‍ അതിര്‍ത്തി പ്രദേശമായ തബൂക്കിലും തുറൈഫിലുമാണ് മഞ്ഞുവീഴ്ച. ഈ മേഖലയിലെ പര്‍വത പ്രദേശങ്ങളെല്ലാം വെള്ള പുതച്ചിരിക്കുകയാണ്. താപനില കുറഞ്ഞ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്.

തുറൈഫില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കന്‍ മേഖലയില്‍ ഇന്നും നാളെയും വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്കിലെ കാലാവസ്ഥാ വിഭാഗം റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ അല്‍അന്‍സി പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ്. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി, തബൂക്ക് മേഖലയിലെ ഉയരം കൂടിയ സ്ഥലങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷകന്‍ അഖില്‍ അല്‍അഖീല്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലും തബൂക്ക് മേഖലയുടെ തെക്കന്‍ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നു.

വടക്കന്‍ ഭാഗങ്ങളിലും ഹാഇല്‍ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരാനുള്ള സാധ്യതയുണ്ട്. താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക വടക്കന്‍, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തും. വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ പരമാവധി താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്താം.