അബുദാബി: യുഎഇയുടെ പുതിയ ദേശീയ വിമാനക്കമ്പനി വിസ് എയര്‍ അബുദാബിക്ക് സര്‍വീസ് തുടങ്ങാനുള്ള അനുമതിയായി. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയില്‍ നിന്ന് കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ചു. വിമാനക്കമ്പനിക്ക് സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അവസാന കടമ്പയും ഇതോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിസ് എയര്‍.

സുരക്ഷിതവും ഫലപ്രദവുമായി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചതോടെയാണ് കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ അതിരോരിറ്റിയുടെ അനുമതി കിട്ടിയത്. എട്ട് മാസം നീണ്ട നടപടികള്‍ക്കൊടുവിലാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്  ലഭിച്ചത്. ഇതിനിടയില്‍ ലോകമെമ്പാടും കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുകയും വ്യോമഗതാഗത മേഖല കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്‍തുവെങ്കിലും വിസ് എയര്‍ അധികൃതരും യുഎഇ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയും നടപടികളെല്ലാം പൂര്‍ത്തിയാക്കുകയായിരുന്നു. എയര്‍ബസ് എ321 നിയോ വിമാനങ്ങള്‍ ഉപയോഗിച്ചാണ് വിസ് എയര്‍ തങ്ങളുടെ പ്രവര്‍ത്തനശേഷി അധികൃതര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.