Asianet News MalayalamAsianet News Malayalam

കാര്‍ബണ്‍ മോണോക്സൈഡ് വില്ലനായി; യുവതിയും വളര്‍ത്തു നായയും മരിച്ച നിലയില്‍

മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇലക്ട്രിക് ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  

woman and dog died after inhaling carbon monoxide gas in Dubai
Author
Dubai - United Arab Emirates, First Published May 23, 2022, 8:15 PM IST

ദുബൈ: കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളര്‍ത്തു നായയും ദുബൈയിലെ വില്ലയില്‍ മരിച്ച നിലയില്‍. യുവതിയുടെ കൂട്ടുകാരിയെ അവശനിലയില്‍ കണ്ടെത്തി. 

അല്‍ ബര്‍ഷയിലെ വില്ലയിലാണ് സംഭവം. ഏഷ്യക്കാരന്‍ വാടകയ്ക്ക് എടുത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഭാഗിച്ച് നല്‍കിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും സുഹൃത്തും താമസിച്ചിരുന്നത്. ഒന്നിലധികം കുടുംബങ്ങള്‍ വില്ലയില്‍ താമസിക്കുന്നതിനാല്‍ അധികൃതര്‍ വീടിന്‍റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിന് ശേഷം വാടകക്കാര്‍ ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു.  

മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇലക്ട്രിക് ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  മൂടിവെച്ച ജനറേറ്റര്‍ പൊലീസ് ഓണാക്കിയതോടെ മിനിറ്റുകള്‍ക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞിരുന്നു.

പ്രധാന വാടകക്കാരന്‍ ജനറേറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് മരണപ്പെട്ട യുവതിയുടെ മുറിയില്‍ വ്യാപിക്കുകയും ഇത് ശ്വസിച്ച് യുവതിയും വളര്‍ത്തുനായയും മരിക്കുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രൈം സീന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ മകി സല്‍മാന്‍ പറഞ്ഞു. ജനറേറ്ററില്‍ നിന്ന് ദൂരെ മാറിയാണ് മരണപ്പെട്ട യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത്. അതിനാല്‍ അവര്‍ രക്ഷപ്പെട്ടു. 

നിശബ്ദ കൊലയാളി എന്ന് വിളിക്കപ്പോടുന്ന കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകമാണ്. ഇതിന് നിറമോ മണമോ ഇല്ല. ദീര്‍ഘനേരം ഇത് ശ്വസിക്കുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിലേക്കും നയിക്കും. ശ്വാസത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് രക്തത്തില്‍ കലര്‍ന്ന് ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ഓക്സിജനുമായി ബന്ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios