ദുബായ്: ബാഗിന്റെ പിടിയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഈജിപ്‍തില്‍ നിന്നെത്തിയ 25കാരിയാണ് തന്റെ ട്രാവല്‍ ബോഗിന്റെ ലോഹ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അധികൃതര്‍ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 27ഉം 29ഉം വയസായ രണ്ട് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഈജിപ്ഷ്യന്‍ പൗരന്മാരാണ്. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇവരെ പിടികൂടി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറി. തുടര്‍ന്ന് ലബോറട്ടറിയിലെത്തിച്ച് പരിശോധന നടത്തി. ബാഗില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നാട്ടില്‍ വെച്ച് അപരിചിതനായ ഒരാള്‍ തന്നയച്ചതാണെന്നും യുവതി പറഞ്ഞു. ദുബായില്‍ ഒരാള്‍ക്ക് കൈമാറാനാണ് പറഞ്ഞതെന്നും യുവതി മൊഴി നല്‍കി.

തുടര്‍ന്ന് യുവതിയെ ഉപയോഗിച്ച് ഇയാളെ പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ തനിക്ക് ഒന്നുമറിയില്ലായിരുന്നുവെന്നും നാട്ടില്‍ നിന്ന് ഒരാള്‍ ചില ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് സുഹൃത്താണ് തന്നെ അയച്ചതെന്നും ഇയാളും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൂന്നാമനേയും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. 139.84 ഗ്രാം ഹാഷിഷാണ് സ്ത്രീയുടെ ബാഗിലുണ്ടായിരുന്നത്. മൂവരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.