പ്രതിയുടെ അമ്മയാണ് മയക്കുമരുന്ന് അടങ്ങിയ പാക്കറ്റ് ബന്ധുവിനെ ഏല്‍പ്പിച്ചത്. ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ദുബായിലെത്തിയ ശേഷം മകള്‍ക്ക് കൈമാറണമെന്നും പറഞ്ഞു.


ദുബായ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ വനിതയ്ക്ക് ദുബായ് കോടതി 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ആഫ്രിക്കന്‍ പൗരയായ ഇവര്‍ നാട്ടില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന തന്റെ ബന്ധുവായ മറ്റൊരു സ്ത്രീയുടെ ലഗേജ് വഴിയാണ് അഞ്ച് കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

പ്രതിയുടെ അമ്മയാണ് മയക്കുമരുന്ന് അടങ്ങിയ പാക്കറ്റ് ബന്ധുവിനെ ഏല്‍പ്പിച്ചത്. ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ദുബായിലെത്തിയ ശേഷം മകള്‍ക്ക് കൈമാറണമെന്നും പറഞ്ഞു. എന്നാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജ് പരിശോധനയ്ക്കിടെ ബന്ധു പിടിക്കപ്പെട്ടു. ഇവരുടെ ബാഗില്‍ നിന്ന് മയക്കുമരുന്ന് അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ തുടര്‍ അന്വേഷണത്തിനായി ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന് കൈമാറി.

ചോദ്യം ചെയ്തപ്പോഴാണ് പാക്കറ്റ് തന്റെ ബന്ധുവിന് നല്‍കാനായി നാട്ടില്‍ നിന്ന് അവരുടെ അമ്മ തന്നുവിട്ടതാണെന്ന വിവരം ഇവര്‍ അറിയിച്ചിത്. എന്താണ് ഇതിലുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇതോടെ പാക്കറ്റ് കൈമാറേണ്ടിയിരുന്ന യഥാര്‍ത്ഥ പ്രതിയെയും പൊലീസ് പിടികൂടി. ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. 

വിചാരണയ്ക്കൊടുവില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ദുബായ് പ്രാഥമിക കോടതി വിധിച്ചു. എന്നാല്‍ ദുബായിലേക്ക് മയക്കുമരുന്നുമായി വന്ന ബന്ധു നിരപരാധിയാണെന്നും യഥാര്‍ത്ഥ പ്രതിയും അമ്മയും കൂടി ആസൂത്രണം ചെയ്ത പദ്ധതിയില്‍ ഇവരെ അകപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ റദ്ദാക്കി.