അജ്മാന്‍: വീട്ടില്‍ വെച്ചാണ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന വന്നത്. ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെടും മുമ്പ് വേദന കലശലായി, കുഞ്ഞിന്‍റെ തല പുറത്തേക്ക് വരാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം അമ്പരന്നെങ്കിലും മനോധൈര്യം വീണ്ടെടുത്ത് ഭര്‍ത്താവ് നാഷണല്‍ ആംബുലന്‍സ് സംഘത്തെ വിളിച്ചു. അവര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ നല്‍കി. ഭര്‍ത്താവ് അത് അനുസരിക്കുകയും ചെയ്തു. ആശങ്കകള്‍ നിറഞ്ഞ ആ ഫോണ്‍ വിളിക്കൊടുവില്‍ അവര്‍ മാതാപിതാക്കളായി. സങ്കീര്‍ണതകളില്ലാതെ വീട്ടില്‍ സുഖപ്രസവം. 

വ്യാഴാഴ്ച രാവിലെ 6.47നാണ് നാഷണല്‍ ആംബുലന്‍സ്  കമ്മ്യൂണിക്കേഷന്‍സ് സെന്‍ററിലേക്ക് ഫോണ്‍ വിളിയെത്തുന്നത്. തന്‍റെ ഭാര്യയ്ക്ക് പ്രസവവേദന കലശലായെന്നും കുഞ്ഞിന്‍റെ തല പുറത്തേക്ക് വരുന്നത് കണ്ടുമെന്നും ഭര്‍ത്താവ് പറഞ്ഞു. ഉടന്‍ തന്നെ നാഷണല്‍ ആംബുലന്‍ സംഘം ഇവരുടെ വീട്ടിലേക്ക് പുറപ്പെട്ടു. അതേസമയം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. യുവതിയുടെ സമീപമെത്തുന്നതു വരെ ഫോണിലൂടെ സംഘം ഭര്‍ത്താവിന് പ്രഥമിക ശുശ്രൂഷകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നു.

ഫോണ്‍ കോള്‍ ആരംഭിച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പാരാമെഡിക്കല്‍ സംഘം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. തുടര്‍ന്ന് ഇവര്‍ അമ്മയെയും കുഞ്ഞിനെയും അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. 

ഗര്‍ഭിണികള്‍ കൃത്യമായി ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിക്കണമെന്നും പ്രസവവേദനയ്ക്ക് മുമ്പുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് വിദഗ്ധ ചികിത്സ നേടണമെന്നും അതുവഴി ഇത്തരം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.