ദുബായ്: 600 ദിര്‍ഹം നല്‍കി പാവപ്പെട്ടവരെ സഹായിച്ച സ്ത്രീക്ക് അതിന് പകരം കിട്ടിയതായവട്ടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം. യുഎഇ സ്വദേശിയായ ഫാത്തിമ അല്‍ മന്‍സൂരിയെയാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത്. 

അനാഥരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമായ നാല് കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 600 ദിര്‍ഹം ഫാത്തിമ സഹായം നല്‍കാറുണ്ടായിരുന്നു. ഇങ്ങനെ പണമയച്ചതിനാണ് മണി എക്സ്‍ചേഞ്ച് സെന്ററിന്റെ പ്രൊമോഷണല്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. സമ്മാനം കിട്ടുന്ന പണവും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തന്നെയാണ് ഫാത്തിമയുടെ തീരുമാനം.

സമ്മാനം കിട്ടിയെന്നറിഞ്ഞ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കാന്‍ ഈ പണം സഹായകമാവും. അനാഥകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അവരുടെ ജീവിത നിലവാരമുയര്‍ത്താനും പണം ചിലവഴിക്കുമെന്നും ഫാത്തിമ പറഞ്ഞു.

അല്‍ അന്‍സാരി എക്സ്‍ചേഞ്ചിന്റെ മൊബൈല്‍ ആപ് പ്രൊമോഷണല്‍ കാമ്പയിനില്‍ ഇത്രയും വലിയ സമ്മാനം ലഭിക്കുന്ന ആദ്യ സ്വദേശി വനിതയാണ് ഫാത്തിമ അല്‍ മന്‍സൂരി. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതാവട്ടെ അശരണരെ സഹായിക്കാന്‍ നല്‍കിയ 600 ദിര്‍ഹവും.