ഭാര്യയെക്കുറിച്ച് സ്വന്തം മകളോടും മറ്റ് ബന്ധുക്കളോടും ഇയാള്‍ മോശമായി സംസാരിക്കുന്നതിന്റെ വാട്സ്ആപ് വോയിസ് റെക്കോര്‍ഡുകളും കോടതിയില്‍ ഹാജരാക്കി.

ദുബൈ: കൗമാര പ്രായക്കാരിയായ സ്വന്തം മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നില്‍വെച്ച് അവിഹിത ബന്ധം ആരോപിച്ച (accused of adultery) ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് കോടതി വിവാഹമോചനം (divorce) അനുവദിച്ചു. ദുബൈയിലാണ് സംഭവം. 37 വയസുകാരയായ ലെബനാന്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെ വഞ്ചിക്കുവെന്ന് നിരന്തരം ആരോപണം ഉന്നയിച്ചതോടെയാണ് ഭാര്യ നിയമ നടപടി സ്വീകരിച്ചത്.

രണ്ട് വര്‍ഷമായി ഭര്‍ത്താവ് തങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്നും താമസിക്കുന്ന വില്ലയുടെ പണമോ മകളുടെ സ്‍കൂള്‍ ഫീസോ പോലും അടയ്‍ക്കുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. മകളുടെയും മാതാപിതാക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്‍തു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചും അപമാനിക്കുകയും യുവതിയെ ഒറ്റപ്പെടുത്തണമെന്ന് അവരോട് ആവശ്യപ്പെടുതയും ചെയ്‍തു. ഭാര്യയെക്കുറിച്ച് സ്വന്തം മകളോടും മറ്റ് ബന്ധുക്കളോടും ഇയാള്‍ മോശമായി സംസാരിക്കുന്നതിന്റെ വാട്സ്ആപ് വോയിസ് റെക്കോര്‍ഡുകളും കോടതിയില്‍ ഹാജരാക്കി.

വിവാഹ മോചന കേസ് ഏറെ നാള്‍ നീണ്ടുപോകുമെന്നും വിവാഹമോചനം വേണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്നും ഇയാള്‍ കോടതിയിലെ കൗണ്‍സിലിങിനിടയിലും ഭാര്യയോട് പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതി ആദ്യം ദുബൈ പ്രാഥമിക കോടതി നിരസിച്ചിരുന്നു. എന്നാല്‍ കേസ് രണ്ടാമത് പരിഗണിച്ച അപ്പീല്‍ കോടതി, യുവതിക്ക് വിവാഹമോചനവും മകളുടെ സംരക്ഷണ അധികാരവും അനുവദിക്കുകയായിരുന്നു. ഇതിന് പുറമെ ഇയാള്‍ പ്രതിമാസം 5000 ദിര്‍ഹം ജീവനാംശം നല്‍കണമെന്നും വിധിയില്‍ പറയുന്നു.