Asianet News MalayalamAsianet News Malayalam

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; മുന്‍ കാമുകനെതിരെ കേസ് കൊടുത്ത് യുവതി

ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെയും വാട്‌സാപ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇരുവരും ഇക്കാര്യം സംസാരിച്ചതിന്റെയും കോപ്പികള്‍ യുവതി പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

Woman in abu dhabi accused ex-boyfriend of refusing to pay back money
Author
First Published Oct 22, 2022, 9:08 PM IST

അബുദാബി: കടമായി വാങ്ങിയ പണം മുന്‍ കാമുകന്‍ തിരികെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് യുവതി. തങ്ങള്‍ പ്രണയത്തിലായിരുന്നപ്പോള്‍ യുവാവ് കടമായി വാങ്ങിയ 542,000 ദിര്‍ഹം ഇതുവരെ തിരികെ നല്‍കിയില്ലെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയത്.

ഈ പണം തിരികെ ആവശ്യപ്പെട്ട് യുവതി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ദീര്‍ഘകാലമായി താനും യുവാവും പ്രണയ ബന്ധത്തില്‍ ആയിരുന്നെന്നും തമ്മിലുണ്ടായിരുന്ന വിശ്വാസത്തിന്റെ പേരിലാണ് പണം നല്‍കിയതെന്നും യുവതി പറയുന്നു. യുവാവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി യുവതിയോട് പണം കടമായി ചോദിച്ചു. എത്രയും വേഗം പണം തിരികെ നല്‍കാമെന്ന ഉറപ്പും യുവാവ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വാക്ക് പാലിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു. പണം തിരികെ ആവശ്യപ്പെട്ട് പല തവണ യുവാവിനെ ഫോണ്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും തുടര്‍ന്ന് സംസാരിക്കാനായില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Read More - അയല്‍വാസിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

ഇതാണ് യുവതിയെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെയും വാട്‌സാപ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇരുവരും ഇക്കാര്യം സംസാരിച്ചതിന്റെയും കോപ്പികള്‍ യുവതി പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. താന്‍ പണം വാങ്ങിയില്ലെന്നും യുവതി സമര്‍പ്പിച്ച കോപ്പികള്‍ വ്യാജമാണെന്നും പറഞ്ഞ യുവാവ് കോടതിയില്‍ വെച്ച് ആരോപണം നിഷേധിച്ചു. യുവാവ് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ തക്കവിധമുള്ള രേഖകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്ന് യുവാവിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇരു കക്ഷികളുടെയും വാദം കേട്ട അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കോടതി, മതിയായ തെളിവുകളില്ലാത്തതിനാല്‍ കേസ് തള്ളുകയായിരുന്നു. 

Read More - ലഹരി ഉപയോഗിക്കാന്‍ അനുവദിച്ചു, മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ
 

Follow Us:
Download App:
  • android
  • ios