ദുബായ്: ദുബായില്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യ പാര്‍ട്ടി സംഘടിപ്പിച്ച സ്ത്രീയ്ക്ക് പിഴ ചുമത്തി. 10,000 ദിര്‍ഹമാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്. 

അറബ് സെലിബ്രിറ്റി ഉള്‍പ്പെടെ പങ്കെടുത്ത പാര്‍ട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പാര്‍ട്ടിയില്‍ അതിഥികള്‍ പങ്കെടുത്തതെന്ന് ദുബായ് പൊലീസ് ട്വീറ്റില്‍ വ്യക്തമാക്കി. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പാര്‍ട്ടി സംഘടിപ്പിച്ച സ്ത്രീയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതായി ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാ അതിഥികള്‍ക്കും 5000 ദിര്‍ഹവും പിഴ ചുമത്തി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച മറ്റൊരു സ്ത്രീയ്ക്കും ഈ ആഴ്ച പിഴ ചുമത്തിയിരുന്നു.