ഷാര്‍ജ: വിഷപ്പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ കത്തിച്ച് മുറിയ്‍ക്കുള്ളില്‍ വെച്ചതാണ് വിനയായത്. അല്‍ സിയൂഹ് - 3ലെ വില്ലയിലായിരുന്നു സംഭവമെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സ്‍പോണ്‍സര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാഷണല്‍ ആംബുലന്‍സ് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലേദിവസം വൈകുന്നേരം വീട്ടില്‍ മാംസം ഗ്രില്‍ ചെയ്യാനായി ചാര്‍ക്കോള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ തീ കെടുത്താന്‍  ജോലിക്കാരിയോട് നിര്‍ദേശിച്ചു. എന്നാല്‍ തീ കെടുത്താതെ യുവതി, ചാര്‍ക്കോള്‍ തന്റെ മുറിയില്‍ കൊണ്ടുപോയി വെയ്ക്കുകയായിരുന്നു.

പിറ്റേദിവസം രാവിലെ ജോലിക്കാരി അടുക്കളയില്‍ എത്താതിരുന്നപ്പോള്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയതാകുമെന്ന് കരുതിയതെന്ന് സ്‍പോണ്‍സര്‍ പറഞ്ഞു. പിന്നീട് മുറിയില്‍ പോയി അന്വേഷിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ കുടുംബാഗങ്ങളിലൊരാള്‍ ജനല്‍ തകര്‍ത്തപ്പോഴാണ് ചലമറ്റ് കിടക്കുന്നത് കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.

ഈ വീട്ടില്‍ രണ്ട് വര്‍ഷമായി യുവതി ജോലി ചെയ്‍തു വരികയാണ്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഇപ്പോള്‍ യന്ത്ര സഹായത്താല്‍ കൃത്രിമ ശ്വാസം നല്‍കുകയാണെന്നും യുവതി കോമ അവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട മുറിക്കുള്ളില്‍ ഇത്തരത്തില്‍ തീ കത്തിക്കുന്നതിന്റെ അപകടാവസ്ഥ സ്‍പോണ്‍സര്‍മാര്‍ തൊഴിലാളികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. പലയിടങ്ങളിലും ഇത്തരത്തില്‍ ആളുകള്‍ ചെയ്യാറുണ്ടെന്നും ഇത് വലിയ അപകടത്തില്‍ കലാശിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.