സ്വാഭാവിക മരണമെന്ന രീതിയില്‍ കുഞ്ഞിന്റെ മൃതദേഹം യുവതി മറവു ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കെയ്‌റോ: ഭര്‍ത്താവിന് പെണ്‍മക്കളെ ഇഷ്ടമല്ലാത്തതിനാല്‍ രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.

വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ എറിഞ്ഞാണ് കുഞ്ഞിനെ അമ്മയായ യുവതി കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്റെ വടക്കന്‍ പ്രദേശത്തെ നീല്‍ ഡെല്‍റ്റയില്‍ ഉള്‍പ്പെടുന്ന എല്‍ ബെഹൈറ ഗവര്‍ണറേറ്റിലെ അബു അല്‍ മതാമിര്‍ നഗരത്തിലാണ് കൊലപാതകം നടന്നത്. 

സ്വാഭാവിക മരണമെന്ന രീതിയില്‍ കുഞ്ഞിന്റെ മൃതദേഹം യുവതി മറവു ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഈ വിവരം അറിയിച്ച് അബു അല്‍ മതാമിര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എല്‍ ബെഹൈറ സെക്യൂരിറ്റി വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് വിശദമായ പരിശോധന നടത്താന്‍ അബു അല്‍ മതാമിര്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

ഇതനുസരിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഷാറാവിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന് പെണ്‍കുഞ്ഞുങ്ങളെ ഇഷ്മല്ലാത്തതിനാല്‍ കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെന്ന് യുവതി കുറ്റസമ്മതം നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona