മനാമ: തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം ആരോപിച്ച് അയല്‍വാസിയായ യുവതിയെ സ്പാനര്‍ കൊണ്ട് ആക്രമിച്ച കേസില്‍ ഭാര്യയ്ക്ക് 12 മാസം തടവുശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സ്ത്രീയെ ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം ഒരു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍സ് കോടതിയെ സമീപിച്ച് വധിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതി അപ്പീല്‍ തള്ളുകയായിരുന്നു. വാഗ്വാദത്തിനിടെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതിന് അയല്‍വാസിയായ 43കാരിക്ക് കോടതി 50 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. 

ബഹ്റൈനിലെ സല്‍മാബാദിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി ബന്ധം ആരോപിച്ച് 45കാരിയായ പ്രതി അയല്‍വാസിയായ സ്ത്രീയെ സ്പാനര്‍ കൊണ്ട് ആക്രമിക്കുകയും അടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ നാല് പല്ല് പൊട്ടിപ്പോകുകയുമായിരുന്നു. നിരവധി സാക്ഷികളുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. സ്‍പാനര്‍ കൊണ്ടുള്ള അടിയേറ്റ യുവതി ബോധരഹിതയായി നിലംപതിച്ചുവെന്ന് സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്‍തു. മതിയായ തെളിവുകളുള്ളതിനാല്‍ യുവതിയുടെ അപ്പീല്‍ തള്ളിപ്പോകുകയായിരുന്നു.