യുവതിയുടെ നാല് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് അനുമതിയില്ലാതെ പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
കുവൈത്ത് സിറ്റി: ഒരു കുവൈത്ത് യുവതിയുടെ നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2,730 ദിനാർ തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരനെതിരെ ജഹ്‌റ ഗവർണറേറ്റിന്‍റെ സുരക്ഷാ വിഭാഗം കേസെടുത്തതായി റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കൊമേഴ്ഷ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷനും ഇലക്ട്രോണിക് കുറ്റാന്വേഷണ വിഭാഗത്തിനും കൈമാറിയതായി അധികൃതർ അറിയിച്ചു. 1968ൽ ജനിച്ച യുവതിയാണ് ഈ സാമ്പത്തിക തട്ടിപ്പിന് ഇരയായത്.
സാദ് അൽ അബ്ദുള്ള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നാല് ബാങ്കുകളിലെ തന്‍റെ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ആകെ നഷ്ടപ്പെട്ടത് 2,730 ദിനാറാണ്. തട്ടിപ്പിന് തുടക്കമായത് ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്നുള്ള ഫോൺ കോൾ വഴി ആയിരുന്നെന്ന് യുവതി പറഞ്ഞു. താൻ ഉപയോഗിക്കുന്ന ഒരു പ്രശസ്ത ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമിന്റെ പേരിൽ വിളിച്ച പ്രതി, അക്കൗണ്ട് സുരക്ഷിതമാക്കാനുള്ളതെന്ന വ്യാജേന ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചുവെന്നും അവിടെ നിന്ന് പണം ചോര്‍ന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകി.
