റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച് ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ച അറബ് വനിതയ്ക്ക് 5,431ദിര്‍ഹം(ഒരു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് റാസല്‍ഖമൈ സിവില്‍ കോടതി. ഭര്‍ത്താവിന്റെ സ്വകാര്യതയില്‍ കടന്നുകയറി ഫോട്ടോയും റെക്കോര്‍ഡുകളും ഇദ്ദേഹത്തിന്റെ കുടുംബവുമായി പങ്കുവെച്ച് ഭര്‍ത്താവിനെ മോശക്കാരനാക്കാന്‍ ശ്രമിച്ചതിനാണ് അറബ് സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.

തന്റെ ഫോട്ടോ കുടുംബവുമായി പങ്കുവെച്ച് അപമാനിച്ച ഭാര്യയുടെ പ്രവൃത്തിയിലൂടെ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ജോലിയില്‍ നിന്ന് അവധി എടുത്തത് മൂലം ശമ്പളം നഷ്ടമായെന്നും അറ്റോര്‍ണിയെ നിശ്ചയിച്ചതിനുള്ള ഫീസും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളും ഇയാള്‍ വ്യക്തമാക്കി.

എന്നാല്‍ ഭര്‍ത്താവ് തന്‍റെ കക്ഷിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതായും വീട്ടില്‍ നിന്ന് പുറത്താക്കിയതായും ഭാര്യയുടെ അറ്റോര്‍ണി അറിയിച്ചു. ഭര്‍ത്താവിന്റെ ഫോണ്‍ അനുവാദമില്ലാതെ പരിശോധിച്ചതിനും ചിത്രങ്ങള്‍ പങ്കുവെച്ച് അപമാനിച്ചതിനും ഭാര്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ കോടതി 5,431ദിര്‍ഹം ഭര്‍ത്താവിന് നഷ്ടപരിഹാരമായി ഭാര്യ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. കോടതി നടപടികളുടെ ചെലവിന് പുറമെയാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona