Asianet News MalayalamAsianet News Malayalam

വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് ആക്രമിച്ച് പണം തട്ടിയെടുത്തു; യുഎഇയില്‍ യുവതിക്ക് തടവുശിക്ഷ

ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് ഒരു മസാജ് കേന്ദ്രത്തിന്റെ പേജ് ശ്രദ്ധയില്‍പ്പെട്ടത്. ഇവരുമായി ബന്ധപ്പെട്ട് 1,500 ദിര്‍ഹത്തിന് മസാജ് സേവനം ഉറപ്പാക്കി. ജബല്‍ അലി ഏരിയയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷനാണ് കുവൈത്ത് സ്വദേശിക്ക് ലഭിച്ചത്.

woman sentenced to jail for luring man to fake massage centre and stolen money
Author
Dubai - United Arab Emirates, First Published Nov 1, 2020, 4:07 PM IST

ദുബൈ: മസാജ് കേന്ദ്രത്തിലേക്കെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് പണം തട്ടിയെടുത്ത സ്ത്രീയ്ക്ക് തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് കുവൈത്ത് സ്വദേശിയുടെ പക്കല്‍ നിന്നും 54,000 ദിര്‍ഹം തട്ടിയെടുത്ത കേസിലാണ് യുവതിയെ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ 45,314 ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎസില്‍ നിന്ന് ദുബൈയിലെത്തിയതാണ് 37കാരനായ കുവൈത്ത് സ്വദേശി. പിറ്റേ ദിവസം രാവിലെ ഇയാള്‍ക്ക് മടങ്ങണമായിരുന്നു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് ഒരു മസാജ് കേന്ദ്രത്തിന്റെ പേജ് ശ്രദ്ധയില്‍പ്പെട്ടത്. ഇവരുമായി ബന്ധപ്പെട്ട് 1,500 ദിര്‍ഹത്തിന് മസാജ് സേവനം ഉറപ്പാക്കി. ജബല്‍ അലി ഏരിയയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷനാണ് കുവൈത്ത് സ്വദേശിക്ക് ലഭിച്ചത്. അവിടെയെത്തിയപ്പോള്‍ 26കാരിയായ നൈജീരിയന്‍ യുവതി ഇയാളെ അകത്തേക്ക് ക്ഷണിച്ച ശേഷം വാതിലടച്ചു. ഇത് മസാജ് കേന്ദ്രം പോലെ തോന്നുന്നില്ലെന്ന് കുവൈത്ത് സ്വദേശി യുവതിയോട് പറഞ്ഞെങ്കിലും മുറിയിലേക്ക് പോകാന്‍ അവര്‍ ഇയാളെ നിര്‍ബന്ധിച്ചു.

എന്നാല്‍ കുവൈത്ത് സ്വദേശി ഇത് എതിര്‍ത്തതോടെ മസാജിനുള്ള പണം നല്‍കാതെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോകാന്‍ അനുവദിക്കില്ലെന്ന് യുവതി പറഞ്ഞതായി കുവൈത്ത് സ്വദേശി വ്യക്തമാക്കി. പിന്നീട് മറ്റൊരു സ്ത്രീ ഇവിടേക്കെത്തി. ആഫ്രിക്കന്‍ വംശജനായ ഒരാളും കൂടെയുണ്ടായിരുന്നു. ഇയാളാണ് ഫോണില്‍ സംസാരിച്ചത്. തന്റെ പക്കല്‍ 500 ദിര്‍ഹം മാത്രമെ ഉള്ളെന്ന് കുവൈത്തി പറഞ്ഞപ്പോള്‍ ഇവര്‍  ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ക്രൈഡിറ്റ് കാര്‍ഡ് സംഘം ആവശ്യപ്പെട്ടു. തന്റെ വലത് കവിളിലും ഇടത് തോളിലും യുവതി കടിച്ചതായി കുവൈത്ത് സ്വദേശി പറഞ്ഞു. പഴ്‌സ് കൈവശപ്പെടുത്തിയ സംഘം ഇയാളുടെ പാസ്‌കോഡ് നിര്‍ബന്ധപൂര്‍വ്വം വാങ്ങി. ഒരു മണിക്കൂറിന് ശേഷം പണം തട്ടിയെടുത്ത സംഘം കുവൈത്ത് സ്വദേശിയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോകാന്‍ അനുവദിച്ചു. തുടര്‍ന്ന് കുവൈത്തി ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസില്‍ അറിയിച്ച ശേഷം തിരികെ കുവൈത്ത് സ്വദേശി അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴും പ്രതിയായ സ്ത്രീ അവിടെത്തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ അവരെ ആക്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പണം അപഹരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. യുവതിയെ മൂന്ന് മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും 45,314 ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. യുവതിയെ ആക്രമിച്ചതിന് കുവൈത്ത് സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ വിധി പറയാനായി മിസ്ഡിമിനര്‍ കോടതിയിലേക്ക് മാറ്റി. 
 

Follow Us:
Download App:
  • android
  • ios