റിയാദ്: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേനാ വിഭാഗങ്ങളിൽ സ്ത്രീകളെ നിയമിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പ് തന്നെ സിവിൽ സുരക്ഷാ വിഭാഗങ്ങളിലേക്കും വനിതാ പ്രാതിനിധ്യം വ്യാപിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഗതാഗതം നിയന്ത്രണ ചുമതലയിലാണ് ഇനി വനിതകളെ പങ്കാളികളാക്കുന്നത്. ഇതിനകം പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസുകാർ ഉടൻ റോഡ് സുരക്ഷക്ക് നിയോഗിക്കപ്പെടും. പൊതുസുരക്ഷാ വിഭാഗവും റോഡ് സുരക്ഷാ അതോറിറ്റിയും ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണ്. 

റിയാദ്, അൽഖസീം, നജ്റാൻ, തബൂക്ക്പ്രവിശ്യകളിലാണ് ട്രാഫിക് പൊലീസ് വേഷത്തിൽ വനിതകൾ ആദ്യം നിരത്തിലിറങ്ങുക. വാഹനം ഓടിക്കുന്നവരുടെയും കാൽനടക്കാരുടെയും സുരക്ഷക്ക് വേണ്ടിയുള്ള നിരീക്ഷണവും നിയന്ത്രണവുമായിരിക്കും ചുമതല. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇരു അതോരിറ്റികളും വനിത പൊലീസുകാർക്ക് നൽകും. ആദ്യം ഏതാനും പ്രവിശ്യകളിൽ മാത്രമാണ് നടപ്പാവുകയെങ്കിലും പിന്നീട് രാജ്യവ്യാപകമാക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വനിതാ ട്രാഫിക് പൊലീസിന് വേണ്ടി ഓഫീസുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇപ്പോള്‍തന്നെ പുരോഗമിക്കുകയാണ്. 

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളും ഹെൽമെറ്റ്, സൺഗ്ലാസ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും ഇവർക്ക് നൽകും. വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുകൾ നൽകുന്നതിനാവശ്യമായ ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ, എയർ ബാഗുകൾ, സ്പെയർ ടയറുകൾ, തീയണക്കാനുള്ള സംവിധാനം, പ്രാഥമിക ശുശ്രൂഷ കിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മറ്റ് സംവിധാനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ച കാറുകളിലാണ് വനിതാ ട്രാഫിക് പൊലീസുകാർ നിരത്തുകളിലുണ്ടാവുക.