അജ്‍മാന്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അറബ് യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും അയാളുടെ വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത കേസില്‍ യുവതിക്ക് ജീവപര്യന്ത്യം ജയില്‍ ശിക്ഷ. രണ്ട് ദിവസം മുന്‍പ് മാത്രം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ് ചാറ്റിലൂടെ അടുത്ത യുവാവ് ഇവരെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് യുവതി അറിയിച്ചതോടെയായിരുന്നു ക്ഷണം.

അജ്‍മാനിലെ ഫ്ലാറ്റില്‍ മറ്റൊരു യുവതിക്കൊപ്പമെത്തിയ പ്രതി, യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒളിവിലാണ്. വാട്സ്ആപ് ചാറ്റിലൂടെ തീരുമാനിച്ചതനുസരിച്ച് രാത്രി ഒരു മണിയോടെയായിരുന്നു പ്രതി, യുവാവിന്റെ ഫ്ലാറ്റിലെത്തിയത്. വാതില്‍ തുറന്നപ്പോള്‍ കത്തിയുമായി രണ്ട് സ്ത്രീകള്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

യുവാവിനെ രണ്ട് സ്ത്രീകളും ചേര്‍ന്ന് മര്‍ദിച്ച ശേഷം കട്ടിലില്‍ കെട്ടിയിട്ടു. ഇയാളുടെ കൈവശമുണ്ടായിരുന്ന 2700 ദിര്‍ഹവും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും തട്ടിയെടുത്തു. കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച ശേഷം അതുമായി ഒരു സ്ത്രീ പുറത്തേക്ക് പോയി. ഇവര്‍ പോയശേഷം യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ പിന്നീട് പൊലീസ് പിടികൂടി. ഇവരുടെ ഫോണില്‍ നിന്ന് യുവാവുമായി കൈമാറിയ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തു. നിരവധി ചിത്രങ്ങള്‍ ഇരുവരും കൈമാറിയതായി കണ്ടെത്തുകയും ചെയ്തു.