വ്യക്തികളുടെയും തൊഴിൽദാതാക്കളുടെയും നേരിടുന്ന പിഴകളും ബാധ്യതകളും പരിഹരിക്കുന്നതിനായി അനുവദിച്ചിരുന്ന കാലാവധി ഒമാൻ തൊഴിൽ മന്ത്രാലയം 2025 ഡിസംബർ 31 വരെ നീട്ടിയ സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. 

മസ്കറ്റ്: വ്യക്തികളുടെയും തൊഴിൽദാതാക്കളുടെയും പിഴകളും ബാധ്യതകളും പരിഹരിക്കുന്നതിനായി അനുവദിച്ചിരുന്ന കാലാവധി ഒമാൻ തൊഴിൽ മന്ത്രാലയം 2025 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഒരു മാസം കൂടി കഴിയുമ്പോൾ ഈ സൗകര്യം അവസാനിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളും ഈ കാലാവധി പൂർണ്ണമായി പ്രയോജനപ്പെടുത്താനും നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് അവരുടെ സ്ഥിതി ക്രമപ്പെടുത്താനും ഓർമ്മപ്പെടുത്തി കൊണ്ടാണ് അറിയിപ്പ് പുറത്തിറക്കിയത്.

വിദേശ പൗരന്മാരായ പ്രവാസികൾക്ക് സൗകര്യം

ഒമാനിൽ താമസാനുമതി പുതുക്കുകയോ തൊഴിൽ സ്ഥലം മാറ്റുകയോ ചെയ്ത് അവരുടെ നിയമപരമായ സ്ഥിതി ശരിയാക്കാനോ ക്രമപ്പെടുത്താനോ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രവേശനമോ താമസാനുമതിയോ കാലഹരണപ്പെട്ടതിനാൽ ചുമത്തപ്പെട്ട പിഴകൾ എല്ലാം ഒഴിവാക്കപ്പെടും. ഇത് തൊഴിൽ മന്ത്രാലയം അവരുടെ സ്ഥിതിവിവരങ്ങൾ പരിശോധിച്ചതിനുശേഷമായിരിക്കും നടപ്പാക്കുക.

രാജ്യം സ്ഥിരമായി വിടാൻ ആഗ്രഹിക്കുന്നവർക്ക്

തൊഴിലേതര വിസകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള എല്ലാ തരത്തിലുള്ള പിഴകളും ഒഴിവാക്കപ്പെടും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ താല്പര്യമില്ലാത്തവർക്ക് പിഴ ഉണ്ടെങ്കിൽ അവ നൽകാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാനും സാധിക്കും. നിയമപരമായി മതിയായ തൊഴിൽ രേഖകൾ ഇല്ലാതെ ഒമാനിൽ തങ്ങുന്ന പ്രവാസികൾ ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം.