റാസല്‍ഖൈമ: അല്‍ ഉറൈബി ഏരിയയിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 22 തൊഴിലാളികളെ രക്ഷിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ക്യാമ്പിലെ ഒരു എ.സിക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് മറ്റ് സാധനങ്ങളിലേക്കും തീപടരുകയായിരുന്നു. റാസല്‍ഖൈമ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. പരിസരത്തുള്ള മറ്റ് ക്യാമ്പുകളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി. ക്യാമ്പിലുണ്ടായിരുന്ന 22 തൊഴിലാളികളെയും ഉടന്‍ തന്നെ പരിക്കേല്‍ക്കാതെ പുറത്തെത്തിച്ചു. തുടര്‍ന്ന് തീ കെടുത്തുകയും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കനത്ത പുക വലിച്ചെടുത്ത് വൃത്തിയാക്കുകയും ചെയ്തു.