ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 56 കമ്പനികള്‍ക്കെതിരെ തൊഴില്‍ പരിശോധനാ വകുപ്പ് നടപടിയെടുത്തു. ജൂണ്‍ 15 മുതല്‍ 18 വരെ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങളുടെ തൊഴില്‍ സ്ഥലങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കോണ്‍ട്രാക്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് നിയമലംഘങ്ങള്‍ കണ്ടെത്തിയവയില്‍ ഏറെയുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉഷ്ണ കാലത്തെ ജോലി സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് വിവിധ മേഖലകളിലെ സ്ഥാപനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 30 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ടാവുക. ഈ സമയങ്ങളില്‍ രാവിലെയുള്ള ഷിഫ്റ്റ് അഞ്ച് മണിക്കൂറായി നിജയപ്പെടുത്തി ഉച്ചയ്ക്ക് 11.30ന് മുമ്പ് ജോലി അവസാനിപ്പിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്  മൂന്ന് മണിക്കാണ് ആരംഭിക്കേണ്ടത്. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 40280660 എന്ന ഹോട്ട്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.