ആദ്യ ഘട്ടത്തില്‍ പള്ളികളില്‍ സുബ്ഹ് നമസ്‌കാരം മാത്രമാണ് അനുവദിക്കുന്നത്. പുരുഷന്മാര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചതോടെ മാസങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ ആരാധനാലയങ്ങളിലേക്ക്. കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാനുള്ള തീരുമാനത്തിന് ഇസ്ലാമിക കാര്യങ്ങള്‍ക്കുള്ള സുപ്രീം കൗണ്‍സില്‍ ആണ് അനുമതി നല്‍കിയത്. ഇതിനായി നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രാലയങ്ങളുടെ സംയുക്ത സമിതി രൂപീകരിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ പള്ളികളില്‍ സുബ്ഹ് നമസ്‌കാരം മാത്രമാണ് അനുവദിക്കുന്നത്. പുരുഷന്മാര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. അല്‍ ഫത്തഹ് ഗ്രാന്‍ഡ് മസ്ജിദില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅ അനുവദിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പള്ളികള്‍ തുറക്കുന്നത്. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. നമസ്‌കാരശേഷം 10 മിനിറ്റില്‍ അടയ്ക്കുകയും ചെയ്യും. 15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനാനുമതി ഇല്ല. വീട്ടില്‍ നിന്നും അംഗശുദ്ധി വരുത്തിയ ശേഷം മാത്രമെ പ്രാര്‍ത്ഥനയ്ക്ക് എത്താവൂ.

പള്ളികളില്‍ അതിനുള്ള സൗകര്യം ഒരുക്കില്ല. നമസ്‌കാരപടം വിശ്വാസികള്‍ കൊണ്ടുവരേണ്ടതാണ്. നമസ്‌കാരത്തിന് ശേഷം പള്ളി പരിസരത്ത് കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പള്ളിയില്‍ പ്രവേശിക്കുന്ന എല്ലാവരും മാസ്ക് ധരിക്കണം. ശരീരോഷ്മാവ് പരിശോധിക്കാനുള്ള സൗകര്യവും പള്ളികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.